Scam | കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികള്‍ ആപത്തിലാണെന്ന് പറഞ്ഞ് ഫോൺ സന്ദേശം; തട്ടിപ്പ് തുടരുന്നു; സമ്പന്നരായ രക്ഷിതാക്കളുടെ മേല്‍ വട്ടമിട്ടു പറന്ന് ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ മാഫിയ
* തികച്ചും വിശ്വസനീയമായ സാഹചര്യംസൃഷ്ടിച്ചാണ് സാമ്പത്തിക ശേഷിയുളളവര്‍ക്ക് ഫോണ്‍ കോള്‍ വരുന്നത്
കണ്ണൂര്‍: (KVARTHA) കേരളത്തിന് പുറത്തു പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വട്ടമിട്ടു പറന്ന് കെണിയിലാക്കാന്‍ അന്താരാഷ്ട്ര ബന്ധങ്ങളുളള ഓണ്‍ലൈന്‍ മാഫിയ സംഘം. കണ്ണൂരില്‍ നിരവധി രക്ഷിതാക്കളാണ് ഇവരുടെ കെണിയില്‍ വീഴുന്നത്. നിങ്ങളുടെ മകളുടെയോ മകന്റെയോ കൂട്ടുകാരന്‍ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശത്തിലൂടെയാണ് ഇവര്‍ രക്ഷിതാക്കളെ കെണിയിലാക്കുന്നത്. നേരത്തെയും സമാന രീതിയിലുള്ള തട്ടിപ്പുകൾ പുറത്തുവരികയും പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അന്വേഷണം നിങ്ങളുടെ കുട്ടിയിലേക്ക് എത്താമെന്നും ഇതുതടയണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലികൊടുത്തു രക്ഷാപ്പെടാമെന്നു പറഞ്ഞാണ് ഇവര്‍ രക്ഷിതാക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്യുന്നത്. പാകിസ്ഥാസ്താന്‍ കോഡായ 92-ല്‍ നിന്നാണ് പലര്‍ക്കും ഇത്തരത്തില്‍ വീഡിയോകോള്‍ വരുന്നത്. സെറ്റ് ചെയ്ത പൊലീസ് സ്‌റ്റേഷനുകളുടെ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് ഇവര്‍ രക്ഷിതാക്കളെ വിശ്വസിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ കൈമാറണമെന്ന സന്ദേശമാണ് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്. ഇതിനായി ഇവര്‍ മേല്‍ ഉദ്യോഗസ്ഥരെന്നു നടിക്കുന്ന മറ്റൊരാള്‍ക്കു ഫോണ്‍ കൈമാറുകയും ചെയ്യും.
അവരും ആവര്‍ത്തിക്കുന്നത് ഇക്കാര്യം തന്നെയാണ്. പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും അല്ലെങ്കില്‍ കുട്ടിയെ അറസ്റ്റു ചെയ്യുമെന്നാണ് ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ദിവസം ഇരിട്ടി സ്വദേശിയായ രക്ഷിതാവ് ഇത്തരമൊരു കബളിപ്പിക്കലിന് ഇരയായെങ്കിലും ഇരിട്ടി പൊലീസിനെ ഉടന്‍ സമീപിച്ചതിനാല്‍ പണം നഷ്ടപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. കേരളത്തിന് പുറത്തോവിദേശത്തോ പോയി പഠിക്കുന്ന കുട്ടികളുടെ പൂര്‍ണവിവരങ്ങളും രക്ഷിതാക്കളുടെ പേരും വിലാസവും തൊഴിലും ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ശേഖരിച്ചാണ് ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ തട്ടിപ്പുകള്‍ അരങ്ങേറുന്നത്.
തികച്ചും വിശ്വസനീയമായ സാഹചര്യംസൃഷ്ടിച്ചാണ് സാമ്പത്തിക ശേഷിയുളളവര്‍ക്ക് ഫോണ്‍ കോള്‍ വരുന്നത്. വിദേശത്തു ജോലി ചെയ്യുന്ന കുടുംബനാഥന്‍മാരെയാണ് ഇവര്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്. മക്കള്‍ ആപത്തിലാണെന്ന പ്രതീതി പരത്തിക്കൊണ്ടു അവരെ രക്ഷിക്കുന്നതിനായി ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം കോളുകള്‍ വന്നാല്‍ ഉടന്‍ കണ്ണൂര്‍ സൈബര്‍ പൊലീസിനെ ബന്ധപ്പെടണമെന്നും കണ്ണൂര്‍ സൈബര്‍ പൊലീസ് അറിയിച്ചു.
#onlinescam #kerala #children #parents #cybercrime #scamalert #fraud