Tragedy | ഓൺലൈൻ ലോൺ ആപ്പ് അപായം വീണ്ടും; ഭീഷണിക്ക് പിന്നാലെ യുവതി മരിച്ച നിലയിൽ
കഴിഞ്ഞ വർഷം ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി സ്വദേശി നിജോയും , ഭാര്യ ശില്പയും രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു
എറണാകുളം: (KVARTHA) ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള തുടർച്ചയായ ഭീഷണിക്ക് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിലെ ആരതിയെ (31) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആരതി ഓണ്‍ലൈനിലൂടെ ലോണ്‍ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണ് മരണകാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടുമാസം മുമ്പ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയിരുന്നു. ദേവദത്ത്, ദേവസൂയ എന്നീ രണ്ട് കുട്ടികളാണ് ആരതിക്ക്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കഴിഞ്ഞ വർഷം ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി സ്വദേശി നിജോയും (40), ഭാര്യ ശില്പയും രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഓൺലൈൻ ലോൺ ആപ്പുകൾ വഴി പലരും ചെറിയ തുകകൾ കടമെടുക്കുന്നു. കടം വാങ്ങിയ തുക സമയപരിധിയിൽ തിരിച്ചടയ്ക്കാഞ്ഞാൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും കോളുകളും ലഭിക്കുന്നു. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ബന്ധുക്കളെ വിളിച്ച് അറിയിക്കുമെന്നുമുള്ള ഭീഷണികളാണ് പൊതുവെ ഉണ്ടാകുന്നത്. ഈ തരത്തിലുള്ള ഭീഷണികൾ ആളുകളെ മാനസികമായി തളർത്തുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചൈനീസ് ബന്ധമുള്ള കമ്പനികളാണ് പലപ്പോഴും വ്യാജ ലോൺ ആപ്പുകൾ നടത്തുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണക്കാരായ ആളുകളാണ് പലപ്പോഴും കെണികളിൽ പെടുന്നത്.
#onlineloans #suicide #cybercrime #mentalhealth #justice #kerala #india