ഓൺലൈൻ തട്ടിപ്പ്: ഡോക്ടറിൽ നിന്ന് 4.43 കോടി തട്ടിയെടുത്ത സംഘം ചെന്നൈയിൽ പിടിയിൽ


● പ്രതികളെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
● വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
● പരാതിക്കാരൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു.
● നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷം പോലീസ് കണ്ടെത്തി.
കണ്ണൂർ: (KVARTHA) വാട്ട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽനിന്ന് 4,43,20,000 രൂപ തട്ടിയെടുത്ത കേസിൽ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പരാതിക്കാരനെ 'upstox' എന്ന കമ്പനിയുടെ 'wealth profit' പ്ലാൻ സ്കീമിലൂടെ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന്, വാട്ട്‌സ്ആപ്പ് നിർദ്ദേശങ്ങൾക്കനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോക്ടർ പണം നിക്ഷേപിച്ചു.
ഓരോ തവണ പണം നിക്ഷേപിക്കുമ്പോഴും, വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിച്ചിരുന്നു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുകയും പിൻവലിക്കാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്.
പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട തുകയിൽ ഏകദേശം 40 ലക്ഷം രൂപ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം പ്രതികൾ എ.ടി.എം. വഴിയും, ബാക്കി തുക ഇന്റർനെറ്റ് ബാങ്കിംഗ് വഴി വിവിധ അക്കൗണ്ടുകളിലേക്കും മാറ്റുകയായിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്.പി സജേഷ് വാഴാളപ്പിലിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അക്കൗണ്ട് നമ്പറുകൾ, ഫോൺ കോളുകൾ, ഐ.എം.ഇ.ഐ. നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സൈബർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രജീഷ് ടി.പി, എ.എസ്.ഐ ജ്യോതി, സി.പി.ഒ സുനിൽ, എച്ച്.സി. ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് ചെന്നൈയിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പോലീസ് സംവിധാനങ്ങൾക്ക് എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two arrested in Chennai for a 4.43 crore online fraud.
#OnlineFraud #CyberCrime #Kannur #Chennai #PoliceArrest #InvestmentScam