നിതിൻ രാജിൻ്റെ മരണം; അഞ്ചരക്കണ്ടി ദന്തൽ കോളജ് പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച്, മുൻകൂർ ജാമ്യഹർജി നൽകി
ADVERTISEMENT
● നിതിൻ രാജിന്റെ ഫോൺ വാങ്ങി വെച്ചത് ഇരുവരുമായിരുന്നു
● പ്രതികൾ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി
● കേസിൽ ഡോ. എം റാം ഒന്നാം പ്രതിയും കോളജിലെ മറ്റൊരു അധ്യാപികയായ ഡോ. സംഗീത നമ്പ്യാർ രണ്ടാം പ്രതിയുമാണ്
● തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10-നാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്
കണ്ണൂർ: (KVARTHA) അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച്. പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിതിൻ രാജിൻ്റെ ഫോൺ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു.
കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഡോ. വിനോദ് മോണിയും ഡോ. ലത ശശിധരനും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. കേസിൽ ഡോ. എം റാം ഒന്നാം പ്രതിയും കോളജിലെ മറ്റൊരു അധ്യാപികയായ ഡോ. സംഗീത നമ്പ്യാർ രണ്ടാം പ്രതിയുമാണ്.
ജാതി അധിക്ഷേപമെന്ന് ആരോപണം
തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ 10-നാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയായിരുന്നു ബന്ധുക്കൾ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
ഒന്നാം പ്രതിക്ക് ജാമ്യം
കേസിൽ ഒളിവിലായിരുന്ന ഡോ. എം റാമിനെ ജൂലൈ 20-നാണ് കർണാടകയിലെ കുടകിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ ഇയാൾക്ക് സെപ്റ്റംബർ 9-ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ദന്തൽ കോളജിൽ പ്രവേശിക്കരുത്, വിദ്യാർഥികളെ സ്വാധീനിക്കരുത് തുടങ്ങി കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന് 2 നീതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് അന്വേഷണം ഊർജിതമാക്കി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Crime Branch has named the Principal and a teacher of Anjarakandy Dental College as newly added accused in the suicide case of student Nithin Raj. Both have subsequently filed for anticipatory bail in the Sessions Court.
#Kvartha #NithinRajCase #AnjarakandyDentalCollege #KannurNews #CrimeBranch #KeralaPolice #DalitStudent #MalayalamNews #AmmuNews
