Legal Victory | ഷുക്കൂര്‍ വധകേസില്‍ പി ജയരാജന്റെ വിടുതല്‍ ഹര്‍ജി തള്ളിയത് സ്വാഗതാര്‍ഹമെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി
● നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഷുക്കൂറിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കും
● കോടതി തടയിട്ടിരിക്കുന്നത് കൊലപാതക കേസില്‍ നിന്നും ഗൂഢാലോചനയില്‍ നിന്നും രക്ഷപ്പെടാനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ക്ക്
കണ്ണൂര്‍: (KVARTHA) എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പി ജയരാജനും, ടിവി രാജേഷും കൊച്ചിയിലെ സിബിഐ കോടതിയില്‍ നല്‍കിയിരുന്ന വിടുതല്‍ ഹര്‍ജി കോടതി തള്ളിയത് സ്വാഗതാര്‍ഹമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മന : സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നടന്ന അരിയില്‍ ഷുക്കൂറിന്റെ കൊലപാതക കേസില്‍ നിന്നും അതിന്റെ ഗൂഢാലോചനയില്‍ നിന്നും രക്ഷപ്പെടാനുള്ള പി ജയരാജന്റെയും ടിവി രാജേഷിന്റെയും ശ്രമങ്ങള്‍ക്കാണ് കോടതി തടയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി ബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് വേണ്ടി പ്രതികള്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും പ്രതിരോധിച്ചുകൊണ്ട് മുസ്ലിം ലീഗും ഷുക്കൂറിന്റെ കുടുംബവും നടത്തിയ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങളെ സാധൂകരിക്കുന്നതാണ് കോടതി വിധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയും ഷുക്കൂറിന്റെ കുടുംബവുമാണ് ഈ പോരാട്ടം നടത്തിയത്. ഷുക്കൂറിനും കുടുംബത്തിനും നീതിക്കു വേണ്ടിയുള്ള പോരാട്ട വഴിയില്‍ മുസ്ലിം ലീഗിന്റെ സഹായം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും പുറത്തിറങ്ങാന്‍ പോകുന്ന മുസ്ലിം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ മാര്‍ക്കറ്റിങ്ങിന് വേണ്ടിയും പി ജയരാജന്‍ നടത്തുന്ന നെറികെട്ട പ്രചാരണമാണ് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ഇല്ലാത്ത സംജ്ഞയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച ന്യൂനപക്ഷ പ്രീണനം തിരിച്ചടിയാവുകയും അതിലൂടെ ഭൂരിപക്ഷ സമുദായം സിപിഎമ്മിനെ കൈവെടിയുകയും ചെയ്ത സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള സിപിഎമ്മിന്റെ ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1987 ല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായ രീതിയില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചു നടത്തുന്ന സങ്കുചിതമായ താല്പര്യങ്ങളാണ് പി ജയരാജന്റെ വാദ മുഖങ്ങളിലും നിഴലിച്ചു കാണുന്നത്. എന്നാല്‍ ഈ വാദമുഖങ്ങളെ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കാസ ഉള്‍പ്പെടെയുള്ള ചില സംഘടനകളും ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും കൂടി ഏറ്റുപിടിച്ചിരിക്കുകയാണ്. അതിനാല്‍ പി ജയരാജന്റെ വാദമുഖങ്ങളോട് സിപിഎം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു.
#ShukoorCase #LegalBattle #MuslimLeague #PJayrajan #Kannur