Drug abuse | ലഹരിയുടെ പിടിയിൽ നശിച്ച ജീവിതം; മകനെ പൊലീസിന് കൈമാറി കണ്ണീരോടെ അമ്മ


● രാഹുൽ അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
● വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി.
● രാഹുൽ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
● പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ.
● രാഹുലിനെ എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട്: (KVARTHA) എലത്തൂരിൽ ലഹരിക്കടിമയായ മകൻ രാഹുലിനെ ഒടുവിൽ സ്വന്തം അമ്മ തന്നെ പൊലീസിന് പിടിച്ച് ഏൽപ്പിച്ചു. രാഹുലിന്റെ അതിക്രമങ്ങൾ സഹിക്കാനാവാതെയാണ് അമ്മ ഈ കടുംകൈ ചെയ്തത്. വീട്ടിൽ പതിവായി ലഹരി ഉപയോഗിക്കുന്ന രാഹുൽ പണം ചോദിച്ച് വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്നും വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു.
‘68 വയസ്സുകാരിയായ എന്റെ അമ്മയെ മകൻ അടിക്കാൻ കയറി, എല്ലാ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, അവൻ വീടിനുള്ളിൽ തീയിടുക വരെ ചെയ്തു’ രാഹുലിനെക്കുറിച്ച് അമ്മ പറയുന്ന വാക്കുകളാണിത്. ‘മകന്റെ മർദനം താങ്ങാനാകുന്നില്ല എനിക്ക്. ലഹരിയുടെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മയാണ് ഞാൻ. ലോകത്ത് ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ. എന്റെ ആയുസും സമ്പാദ്യവും നശിപ്പിച്ചത് അവനു വേണ്ടിയാണ്. എത്രയോ അമ്മമാർ ഇതുപോലെ അനുഭവിക്കുന്നു’ അമ്മ തുറന്നു പറയുന്നു.
വീട്ടിൽ പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കി. തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിൻ്റെ സഹായത്തോടെയാണ് പൊലീസ് രാഹുലിനെ പിടികൂടുന്നത്. പിടിയിലാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കണമെന്ന് രാഹുൽ വാശിപിടിച്ചതോടെയാണ് പോലീസ് മാധ്യമങ്ങളെ വിളിച്ചു വരുത്തിയത്. മൂന്ന് തവണ ആത്മഹത്യാ ശ്രമം നടത്തിയ രാഹുൽ കഴുത്തിൽ ബ്ലേഡ് വച്ച് ഭീഷണി മുഴക്കുമ്പോഴാണ് വാർത്താസംഘം സ്ഥലത്തെത്തുന്നത്. എം.ഡി.എം.എ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും തനിക്കെതിരെ കള്ളക്കേസുകളാണ് ചുമത്തിയതെന്നും രാഹുൽ ആരോപിച്ചു.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ ഒമ്പത് മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A mother in Elathur, Kozhikode, handed over her drug-addicted son, Rahul, to the police due to his unbearable violence. Rahul, who regularly used drugs at home, constantly harassed his family for money. He threatened to kill his mother, grandmother, and sister's child. Rahul, who has been involved in several cases, including a POCSO case, was arrested by the police.
#DrugAbuse, #FamilyConflict, #PoliceAction, #Kozhikode, #Kerala, #Crime