Bombs | കഴിഞ്ഞ 5 വര്‍ഷത്തിനിടെ കണ്ടെത്തിയത് 250 ലേറെ ബോംബുകള്‍; സ്‌ഫോടനത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നത് സാധാരണക്കാരുടെ ജീവിതം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെങ്കിലും നിര്‍മിച്ചയാളെയോ പ്രേരിപ്പിച്ചയാളെയോ കണ്ടെത്താനാവില്ലെന്നു മാത്രം
തലശേരി: (KVARTHA) തലശേരി താലൂക്കിലെ ബോംബു രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ ഈയ്യാമ്പറ്റകളെ പോലെ ഇരയാവുന്നത് സാധാരണക്കാര്‍. തലശേരി, പാനൂര്‍, കൂത്തുപറമ്പ്, ചൊക്ലി മേഖലകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും വീടുകളിലും ബോംബ് നിര്‍മാണം നിര്‍ബാധം തുടരുന്നതിനു തെളിവാണ് എരഞ്ഞോളിയിലെ കുടക്കളത്തെ ആയിനിയാട്ട് വേലായുധനെന്ന വയോധികന്റെ അതിദാരുണമായ മരണം. ആളൊഴിഞ്ഞ വീട്ടുപറമ്പുകളിലും കലുങ്കിന് ഉളളിലുംവയലുകളിലെ തോട്ടിന്‍കരയിലുമൊക്കെ മൈനുകളെപ്പോലെ ഒളിപ്പിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങി കളിക്കാന്‍ പോലും ഭയക്കുകയാണ്.
എതിരാളികളെ ലാക്കാക്കി നിര്‍മിക്കുന്ന ഇത്തരം രാഷ്ട്രീയ ബോംബുകള്‍ക്ക് ഇരകളാകുന്നത് പലപ്പോഴും ഒന്നുമറിയാത്ത നിരപരാധികളാണ്. അതില്‍ കുട്ടികളും അതിഥിത്തൊഴിലാളികളും സ്ത്രീകളുമുണ്ട്. 1998 സെപ്റ്റംബര്‍ 25ന് തലശ്ശേരി കല്ലിക്കണ്ടി റോഡരികില്‍നിന്നു കിട്ടിയ സ്റ്റീല്‍പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അമാവാസി എന്ന തമിഴ് നാടോടി ബാലനു ഗുരുതരപരുക്കേറ്റത്. അമാവാസിയുടെ വലതുകണ്ണും ഇടതുകൈയും നഷ്ടപ്പെട്ടു.

2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേര്‍ക്ക് ബോംബ് വന്നുവീണത്. ബോംബേറില്‍ ഗുരുതര പരുക്കേറ്റ അസ്നയുടെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ജില്ലയില്‍ കാല്‍നൂറ്റാണ്ടിനിടെ 10 പേരാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്കു പരുക്കേറ്റു. മൂന്നു വര്‍ഷത്തിനിടെ പത്തിടത്താണ് ബോംബ് സ്ഫോടനങ്ങളുണ്ടായത്. നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ചുപേര്‍ 12 വയസ്സില്‍ താഴെയുള്ളവരായിരുന്നു.
2022 ജൂലൈ അഞ്ചിനു മട്ടന്നൂരില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ അസം ബാര്‍പേട്ട സ്വദേശി ഫസല്‍ ഹഖ് (52), മകന്‍ ഷാഹിദുല്‍ ഇസ്ലാം (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രിസാധനങ്ങളിലുണ്ടായിരുന്ന സ്റ്റീല്‍ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 2022 ഫെബ്രുവരി 12നു തോട്ടടയില്‍ വിവാഹപാര്‍ട്ടിക്കു നേരെയുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ പാതിരിപ്പറമ്പ് സ്വദേശി ജിഷ്ണു (26) കൊല്ലപ്പെട്ടു. ആറു പേര്‍ക്കുപരുക്കേറ്റു. വഴിയില്‍ ഉപേക്ഷിച്ച ബോംബ്, ഐസ്‌ക്രീം ബോളാണെന്നു കരുതി എറിഞ്ഞു കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മാസങ്ങള്‍ക്കുമുമ്പ് മൂന്നു കുട്ടികള്‍ക്കും പരുക്കേറ്റു.

നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മരണപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും ജില്ലയില്‍ കുറവില്ല. രണ്ടരമാസം മുമ്പാണ് പാനൂര്‍ മുളിയാത്തോട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്‍ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. തെരഞ്ഞെടുപ്പുകാലത്ത് എതിരാളികളെ ഭയപ്പെടുത്താനും പാര്‍ട്ടിഗ്രാമങ്ങളിലെ മോധാവിത്തം ഉറപ്പാക്കാനുമാണ് ജില്ലയില്‍ ബോംബ് പരീക്ഷണങ്ങള്‍ നടക്കാറുള്ളതെങ്കിലും അടുത്തിടെയായി എപ്പോള്‍ എവിടെ വേണമെങ്കിലും സ്ഫോടനം നടന്നേക്കാമെന്ന ആധിയിലാണ് നാട്ടുകാര്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് രാഷ്ട്രീയ നേതാക്കള്‍ ആണയിടുമ്പോഴാണ് ജില്ലയില്‍ പലയിടത്തും ബോംബ് സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്നത്.
പാനൂര്‍ വടക്കേ പൊയിലൂര്‍ മൈലാടി കുന്നില്‍നിന്ന് 2008 നവംബര്‍ 13ന് പൊലിസ് പിടികൂടിയത് 125 നാടന്‍ ബോംബുകളാണ് സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പിടികൂടിയ കേസായിരുന്നു അത്. ഇത്രയേറെ ബോംബുകള്‍ ആരാണുണ്ടാക്കിയതെന്നു കണ്ടെത്താന്‍ ഇക്കാലമായിട്ടും പൊലീസിനു കഴിഞ്ഞില്ല. ഈ കേസില്‍ മാത്രമല്ല, ബോംബുകള്‍ പിടികൂടുന്ന മിക്ക കേസുകളിലും ഇതുതന്നെ സ്ഥിതി. സ്ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെങ്കിലും നിര്‍മിച്ചയാളെയോ പ്രേരിപ്പിച്ചയാളെയോ കണ്ടെത്താനാവില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും മറ്റുമായി പൊലീസ് കണ്ടെടുത്തത് 250 ബോംബുകളാണ്. ഒപ്പം ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുക്കുന്നുണ്ട്.
