Theft | അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ഫോണ്‍ മോഷണം പോയ സംഭവം; പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘമെന്ന് സൂചന; അന്വേഷണത്തിന് പ്രത്യേക സംഘം


● നടന്നത് സംഘടിത കവര്‍ച്ചയെന്ന് പൊലീസ്
● 26 ഐഫോണുകളടക്കം 39 ഫോണുകളാണ് മോഷണം പോയത്
● പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ മോഷ്ടാക്കള്‍ കേരളംവിട്ടു
കൊച്ചി: (KVARTHA) അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ഫോണ്‍ മോഷണം പോയ സംഭവത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘമെന്ന് സൂചന. ഇതുസംബന്ധിച്ച അന്വേഷണത്തിനായി മുളവുകാട് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നഷ്ടപ്പെട്ട മൊബൈല്‍ഫോണുകള്‍ മുംബൈയിലും ഗുജറാത്തിലും എത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നടന്നത് സംഘടിത കവര്‍ച്ചയെന്നാണ് പൊലീസിന്റെ സംശയം.

26 ഐഫോണുകളടക്കം 39 ഫോണുകളാണ് മോഷണം പോയത്. മിക്ക ഫോണുകളുടേയും ടവര്‍ലൊക്കേഷന്‍ മുംബൈയും കടന്ന് ഗുജറാത്ത് വരെയെത്തി. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ഫോണുമായി മോഷ്ടാക്കള്‍ കേരളംവിട്ടു. വിമാനം പിടിച്ച് കേരളം വിട്ടവരും കൂട്ടത്തിലുണ്ട്. നടന്നത് സംഘടിത കവര്‍ച്ചയെന്ന് പൊലീസ് സംശയിക്കുന്നതിനുള്ള പ്രധാന കാരണവും ഇതാണ്.
ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് നോര്‍വീജിയന്‍ ഡിജെ അലന്‍ വോക്കര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയത്. ഇതിന് മുന്‍പ് വെള്ളിയാഴ്ച ബെംഗളൂരുവിലും, ശനിയാഴ്ച ചെന്നൈയിലുമായിരുന്നു പരിപാടികള്‍. ഇവിടെയും സമാനമായ മൊബൈല്‍ കവര്‍ച നടന്നിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്.
കവര്‍ച്ചയ്ക്കായി പ്രവേശന കവാടത്തിലടക്കം മന:പൂര്‍വം തിക്കുംതിരക്കുമുണ്ടാക്കിയെന്നാണ് പരാതിക്കാരുടെ മൊഴി. സംഘാടകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയെങ്കിലും അതില്‍ വ്യക്തത കുറവുണ്ട്. പരാതിക്കാരില്‍ നിന്ന് കവര്‍ച്ചാസംഘത്തിലേക്ക് നയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മറ്റ് സ്ഥലങ്ങളില്‍ നടന്ന സംഗീതപരിപാടികളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.
#AlanWalker #MobileTheft #ConcertCrime #KochiNews #StolenPhones #KeralaCrime