Cruelty | കുഞ്ഞായിരുന്നു അവൻ, കൊന്നിട്ടും വിടാതെ ക്രൂരത; മിഹിറിൻ്റെ മരണം കേരളീയ മന:സാക്ഷിയോട് നീതി ചോദിക്കുമ്പോൾ


● മരണത്തിന് പിന്നിലെ കാരണം റാഗിംഗ് ആണെന്ന് ആരോപണം.
● സ്കൂൾ ബസിൽ വെച്ചും അതിക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പറയുന്നത്
● വിഷയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം നടക്കുന്നു.
(KVARTHA) തങ്ങളുടെ അനാസ്ഥയാൽ ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ യാതൊരു ലജ്ജയുമില്ലാതെ കുട്ടിയെയും രക്ഷിതാക്കളെയും കുറ്റപ്പെടുത്തുകയാണ് തൃപ്പൂണിത്തുറയിലെ വിദ്യാഭ്യാസ കച്ചവടക്കാരായ സ്കൂൾ അധികൃതർ എന്നാണ് ഉയരുന്ന ആരോപണം. മരിച്ചിട്ടും വെറുതെ വിടില്ലെന്ന ശൈലി മനുഷ്യത്വം വറ്റിയവരാണ് ഇവരെന്ന് തെളിയിക്കുന്നു. മനുഷ്യ സ്നേഹവും സഹജീവികാരുണ്യവും ഇവരുടെ സിലബസിലില്ല. അതിൻ്റെ അനന്തരഫലമാണ് ഒൻപതാം ക്ലാസുകാരൻ്റെ ദാരുണമായ വേർപിരിയൽ. കേരളം എത്രമാത്രം ദയാരഹിതമാകുന്നുവെന്നതിൻ്റെ നേർസാക്ഷ്യം കൂടിയാണ് തൃപ്പൂണിത്തുറയിൽ നടക്കുന്ന വിവാദങ്ങൾ.
തൃപ്പൂണിത്തുറയിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹ്‌മദ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച കുട്ടിയെയും രക്ഷിതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് സ്കൂൾ അധികൃതർ. ജീവനൊടുക്കിയ
മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് മോഡേൺ അക്കാദമിയിൽ നിന്ന് കുടുംബം ടിസി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടിയെ പെരുമാറ്റദൂഷ്യം കൊണ്ടു അവിടെ നിന്നും പുറത്താക്കിയപ്പോൾ തങ്ങൾ അഡ്മിഷൻ നൽകി സ്വീകരിക്കുകയായിരുന്നുവെന്നായിരുന്നു സ്‌കൂളിന്റെ വാദം.
മരിച്ച വിദ്യാർത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ കാണിച്ചില്ലെന്നും മിഹിറിന്റെ കുടുംബം നെഞ്ചു പൊള്ളുന്ന വേദനയോടെ പറയുന്നു. നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ പ്രശ്നമുണ്ടാക്കിയതിനാൽ ടിസി നൽകി പറഞ്ഞുവിട്ട വിദ്യാർത്ഥിയാണ് മിഹിറെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു. സ്കൂളിൽ റാഗിംഗ് നടന്നതിന് തെളിവില്ലെന്നും, വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം മെസേജിന്റെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നുമാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വിതണ്ഡവാദങ്ങൾ.
ഇതിനെതിരെയാണ് മിഹിറിന്റെ കുടുംബം രംഗത്തെത്തിയത്. അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം തുടരുകയാണ്. മിഹിറിന്റെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സ്കൂളിലെ മേലാളൻമാർക്ക് ഇനിയും സാധിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ എൻഒസി ഉൾപ്പെടെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെങ്കിൽ സ്കൂളുകൾക്കെതിരെ റിപ്പോർട്ട് നൽകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംഭവത്തിൽ പോക്സോയുടെ സാധ്യതയും പരിശോധിക്കുകയാണെന്നാണ് പുറത്തുവരുന്നവിവരം.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിർ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിർ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും മാതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സ്‌കൂൾ ബസിൽവെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ലോസെറ്റിൽ തല പൂഴ്ത്തിവെച്ചും ഫ്‌ലഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റിൽ നക്കിച്ചു. പീഡനം അസഹനീയമായപ്പോഴാണ് മിഹിർ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇനി ഇത്തരത്തിലൊരനുഭവം ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ക്രൂര പീഡനത്തിന് പുറമേ മിഹിറിന്റെ മരണം വിദ്യാർത്ഥി സംഘം ആഘോഷമാക്കിയതായും കുടുംബം ആരോപിച്ചിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോർ മിഹിർ' എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടതും ഇത് പിന്നീട് അപ്രത്യക്ഷമായതും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാതാവിന്റെ പരാതി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ മിഹിറിന് നീതി തേടി നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശിച്ചത്. ഏക മകൻ നഷ്ടപ്പെട്ട മാതാവിന്റെ നീതിക്കായി സർക്കാരും കേരളവും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. ഇത്തരം ക്രൂരതകൾ ഇനിയും വെച്ചുപൊറുപ്പിക്കരുത്. നാളെയുടെ വാഗ്ദാനമായ കുഞ്ഞായിരുന്നു അവൻ. ചേർത്തുപിടിച്ചു സ്നേഹത്തിൻ്റ ഭാഷയിൽ തെറ്റു കുറ്റങ്ങൾ പറഞ്ഞു നേർവഴിക്ക് നയിക്കാൻ അധ്യാപകർക്കോ സ്കൂൾ അധികൃതർക്കോ കഴിഞ്ഞില്ല. തങ്ങളുടെ വീഴ്ചയിൽ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്നത് ഇരുട്ടു കൊണ്ടു ഓട്ടയടക്കുന്നതിന് തുല്യമാണ്.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The tragic death of Mihir Ahmed calls for justice and exposes the cruelty and mismanagement in school practices, with the victim's family demanding action.
#JusticeForMihir #StudentAbuse #KeralaNews #SchoolAbuse #MihirDeath #JusticeNow