Crime | കാസർകോട്ട് ക്രൂരകൊലപാതകം; 'ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊന്ന് ഭർത്താവ് പൊലീസിൽ കീഴടങ്ങി'


● കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം.
● പ്രതി പൊലീസ് കസ്റ്റഡിയിൽ.
● കൊലപാതകം നടന്നത് ഞായറാഴ്ച പുലർച്ചെ.
കാസർകോട്: (KVARTHA) ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. അമ്പലത്തറ ഇരിയ കണ്ണോത്ത് അയ്യപ്പ ഭജന മഠത്തിന് സമീപത്തെ ബീന (40) യാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ് ദാമോദരൻ (48) പൊലീസിൽ കീഴടങ്ങി.
കുടുംബ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ദാമോദരൻ ഭാര്യയെ കഴുത്തു ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഇവർക്ക് 21 വയസുള്ള ഒരു മകനുണ്ട്. സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. മകൻ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. ഇരുവർക്കും ഇടയിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#KasaragodMurder #KeralaCrime #DomesticViolence #IndiaNews #JusticeForVictim