ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; യുവാവ് കസ്റ്റഡിയിൽ
ADVERTISEMENT
● ബുധനാഴ്ച രാത്രിയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
● കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിന്റെയും ഇൻസ്പെക്ടർ കെ ദിനേശിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
● മാവുങ്കാൽ ഹൈവേ ഓവർബ്രിഡ്ജിന് സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
● നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസ് ട്രെയിനുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തി
കാഞ്ഞങ്ങാട്: (KVARTHA) കാസർകോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ വിവരം പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും വട്ടംകറക്കി. സംഭവത്തിൽ പി വി രതീഷിനെ (42) ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.
2026 ഓഗസ്റ്റ് 12 ബുധനാഴ്ച രാത്രി 7.30-ഓടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ നിന്നും ഇആർഎസ്എസ് സംവിധാനത്തിലൂടെ 9961201896 എന്ന നമ്പറിൽ നിന്ന് വിളിച്ചാണ് കാഞ്ഞങ്ങാട്ടേക്ക് വരുന്ന ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് സിആർ നമ്പർ 569/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 217-ാം വകുപ്പും കേരള പൊലീസ് ആക്ടിലെ 118(b) വകുപ്പും പ്രകാരമാണ് കേസ്.
ട്രെയിനുകളിൽ വ്യാപക പരിശോധന
വിവരം ലഭിച്ച ഉടൻ ഹോസ്ദുർഗ് പൊലീസ് സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി അവിടെയുണ്ടായിരുന്ന നേത്രാവതി എക്സ്പ്രസ് പരിശോധിച്ചു. തുടർന്ന് കാസർകോട് ഭാഗത്തുനിന്നെത്തിയ മലബാർ എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴും, കണ്ണൂർ ഭാഗത്തുനിന്ന് മംഗളൂരിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിലും ജിആർപിയും ആർപിഎഫും ചേർന്ന് വിശദമായി പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനകളിലൊന്നിലും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
ലൊക്കേഷൻ പരിശോധനയിലൂടെ പ്രതി പിടിയിൽ
ഫോൺ ലൊക്കേഷൻ പിന്തുടർന്നുള്ള സൈബർ പരിശോധനയാണ് അന്വേഷണത്തിൽ നിർണായകമായത്. ആദ്യം കാഞ്ഞങ്ങാട് ഭാഗത്താണെന്ന് കണ്ടെത്തിയ ലൊക്കേഷൻ പിന്നീട് മാവുങ്കാലിലേക്ക് മാറിയതായി വ്യക്തമായി.
തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിൻ്റെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ ദിനേശിൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മാവുങ്കാൽ ഹൈവേ ഓവർബ്രിഡ്ജിന് സമീപം നടത്തിയ തിരച്ചിലിൽ രാത്രി 8.45-ഓടെ രതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭീഷണി വിളിക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ സീസർ മഹസർ പ്രകാരം പൊലീസ് പിടിച്ചെടുത്തു.
മൊഴിയും തുടർനടപടികളും
ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം നിൽക്കുമ്പോൾ ജാർഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് ചോദിച്ചുവെന്നും, ഇവരുടെ കൈവശം ബോംബുണ്ടെന്നും സ്ഫോടനം നടത്താൻ പോകുകയാണെന്നും തനിക്ക് തോന്നിയതുകൊണ്ടാണ് വിവരം അറിയിച്ചതെന്നുമാണ് രതീഷ് പൊലീസിന് മൊഴി നൽകിയത്.
എന്നാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വ്യാജവിവരം നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതിയുമായി റെയിൽവേ സ്റ്റേഷനിലും പരിസരത്തും പരിശോധനയും ചോദ്യം ചെയ്യലും നടത്തിയ ശേഷം, ബിഎൻഎസ്എസ് 35(3) പ്രകാരം നോട്ടീസ് നൽകി പിന്നീട് ഇയാളെ വിട്ടയച്ചു. കേസിന്റെ അന്വേഷണം ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ ദിനേശൻ തുടരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Hosdurg police arrested P V Ratheesh (42) from Bangalam for making a hoax bomb threat call via ERSS regarding a train heading to Kanhangad on August 12, 2026.
#FakeBombThreat #KanhangadNews #KasaragodPolice #KeralaPolice #NetravatiExpress #MalayalamNews #CrimeNews #AmmuNews
