Convicted | 3 പതിറ്റാണ്ട് മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ലൈംഗിക പീഡനകേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ചു
പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ 1993ൽ ഇയാൾ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്
കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ 30 വർഷത്തിനുശേഷം കോടതി തടവിന് ശിക്ഷിച്ചു. കോഴിക്കോട് സ്വദേശി കോമത്ത് രവീന്ദ്രനെയാണ് (57) പയ്യന്നൂർ സബ് കോടതി രണ്ട് മാസം തടവിന് ശിക്ഷിച്ചത്. 1993ൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കഴിഞ്ഞ വർഷമാണ് വീണ്ടും പിടിയിലായത്.
പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ 1993ൽ ഇയാൾ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഭാര്യയുമായി അടുത്ത സൗഹൃദത്തിലുള്ള കുടുംബത്തിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം.
1988 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ട്, വഞ്ചന തുടങ്ങിയ കേസുകളും ഇതിൽ ഉൾപ്പെടും. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പ്രോസിക്യൂഷനു വേണ്ടി എജിപി പി വി മധുസൂദനൻ ഹാജരായി.