Arrest | 'ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തി'; യുവാവ് അറസ്റ്റില്‍

 
Man Arrested for Recording Woman’s Private Moments Using Hidden Camera
Man Arrested for Recording Woman’s Private Moments Using Hidden Camera

Representational Image Generated By Meta AI

● പണി പറ്റിച്ചത് യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ നല്‍കിയത് മുതലെടുത്ത്
● സംശയത്തിനിട നല്‍കിയത് വാട്സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത തോന്നിയത്

ന്യൂഡെല്‍ഹി: (KVARTHA) ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ 30-കാരന്‍ അറസ്റ്റില്‍. ഡെല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരണ്‍ എന്ന യുവാവാണ് അറസ്റ്റിലായത്. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് യുവാവ് സാഹസികമായി പകര്‍ത്തിയതെന്നും ഇയാള്‍ പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 

കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പരാതിക്കാരിയായ യുവതി. ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഷകര്‍പുരില്‍ വീട് വാടകയ്ക്കെടുത്തത്. തനിച്ചായിരുന്നു താമസം. കെട്ടിട ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. 

യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നു. അടുത്തിടെ തന്റെ വാട്സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട യുവതി അത് പരിശോധിച്ചതോടെയാണ് ഇതുസംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നത്.

വാട്സാപ്പ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിച്ചു. അപ്പോഴാണ് അപരിചിതമായ ഒരു ലാപ് ടോപ്പും ലിസ്റ്റില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അത് ലോഗൗട്ട് ചെയ്തു. ഇതോടെയാണ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന സംശയം യുവതിക്കുണ്ടായത്. പിന്നീട് അപ്പാര്‍ട്ട് മെന്റില്‍ യുവതി നടത്തിയ തിരച്ചിലിലാണ് ഒളിക്യാമറ കണ്ടെത്തിയത്. 

ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയതിന് പിന്നാലെ യുവതി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലും സമാന രീതിയില്‍ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തി. 
മുറിയില്‍ മറ്റാരെങ്കിലും വരാറുണ്ടോയെന്ന് പൊലീസ് യുവതിയോട് ചോദിച്ചു. താന്‍ നാട്ടില്‍ പോയപ്പോള്‍ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നുവെന്ന്  യുവതി മറുപടിയും നല്‍കി. തുടര്‍ന്ന് പൊലീസ് ചോദ്യംചെയ്തതോടെയാണ് കരണ്‍ കുറ്റസമ്മതം നടത്തിയത്. 

മൂന്ന് മാസം മുമ്പ് നാട്ടില്‍ പോകുമ്പോള്‍ യുവതി മുറിയുടെ താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും ഈ അവസരം മുതലെടുത്ത്, ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ കിടപ്പുമുറിയിലും കുളിമുറിയിലും സ്ഥാപിക്കുകയായിരുന്നുവെന്നും  കരണ്‍ പറഞ്ഞു. 

എന്നാല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ഈ ക്യാമറകള്‍. ദൃശ്യങ്ങള്‍ അതിനൊപ്പം സ്ഥാപിക്കുന്ന മെമ്മറി കാര്‍ഡുകളിലാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്. അതിനാല്‍, റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ തന്റെ ലാപ്‌ടോപ്പിലേക്ക് മാറ്റുന്നതിനായി കരണ്‍ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് യുവതിയോട് പലതവണ വീടിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. 

കൂടുതല്‍ അന്വേഷണം നടത്തിയതോടെ കരണില്‍ നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

#HiddenCamera #PrivacyViolation #DelhiCrime #WomanSafety #PoliceArrest #SecretFootage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia