Investigation | സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും 'ഹോട്ടലില്‍ എത്തിച്ചയാള്‍' കസ്റ്റഡിയില്‍; കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയെന്ന് പൊലീസ്
● ഇയാളെ ചോദ്യം ചെയ്തുവരുന്നു
● സിനിമാ താരങ്ങള്‍ എന്തിനെത്തി എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്
കൊച്ചി: (KVARTHA) ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി ഇടപാട് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായതായി പൊലീസ്. എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിനു ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
മാത്രമല്ല, കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് കസ്റ്റഡിയിലായ ബിനുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അതിനുശേഷം മാത്രമേ ഹോട്ടല്‍ മുറിയില്‍ നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം പുറത്തുവരികയുള്ളൂവെന്നും പൊലീസ് പറയുന്നു. പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊച്ചി മരടില്‍ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി പറയുന്നത്. ഇവര്‍ക്ക് പുറമെ മറ്റ് ഇരുപതോളം പേര്‍ എത്തിയിരുന്നുവെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ എന്തിനാണ് മുറി സന്ദര്‍ശിച്ചതെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഇടപാടിലാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. മുറിയില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യവും കൊക്കെയ് നും കണ്ടെത്തിയിരുന്നു. കേസില്‍ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്നും കണ്ടെടുത്ത ലഹരി വസ്തുക്കള്‍ വീര്യം കുറഞ്ഞതാണെന്നുമുള്ള കണ്ടെത്തലാണ് ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ സഹായകമായത്. വൈദ്യപരിശോധനയിലും ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടില്ല. ഇതും അനുകൂലമായി.
ഹോട്ടലില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പാറ്റൂര്‍ ഗുണ്ടാക്രമണ കേസില്‍ അടക്കം പ്രതിയായ ഓം പ്രകാശ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ഏറ്റുമുട്ടല്‍. കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ ഇടക്കാലത്ത് നിയന്ത്രിച്ചിരുന്നത് ഓം പ്രകാശായിരുന്നുവെന്ന് പൊലീസ് പറയുന്നു.
#KochiDrugs #Investigation #RemandReport #Court #Actor's #HotelRoom