കൊച്ചറ ബെവ്കോ ഔട്ട്ലെറ്റിലെ അഴിമതി: വിജിലൻസ് റിപ്പോർട്ട് പൂഴ്ത്തി


● ഒരു സിഐടിയു തൊഴിലാളിക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപണം.
● 35,000 രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു.
● തുക തിരിച്ചടച്ച ശേഷം ഇയാളെ അതേ ഔട്ട്ലെറ്റിൽ തിരിച്ചെത്തിച്ചു.
● കടുത്ത നടപടികൾ ഒഴിവാക്കാനാണ് കേസ് ഒതുക്കിയതെന്നാണ് സൂചന.
വണ്ടൻമേട്: (KVARTHA) കൊച്ചറയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടിയില്ല. ഒരു മാസം മുൻപാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുതല നടപടി സ്വീകരിക്കണമെന്ന നിർദേശമുള്ള ഈ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം തടഞ്ഞുവെച്ചെന്നാണ് ആരോപണം.

വ്യാപക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെത്തുടർന്നാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഔട്ട്ലെറ്റിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം ജീവനക്കാരൻ്റെ കാറിൽ നിന്നും പിടികൂടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലൻസ് റിപ്പോർട്ടാണ് ചുവപ്പുനാടയിൽ കുരുങ്ങിയത്. കൃത്യമായ അന്വേഷണം നടന്നാൽ കടുത്ത നടപടികൾ ഒഴിവാക്കാനാവില്ലെന്ന് കണ്ടതോടെയാണ് കേസ് വകുപ്പുതലത്തിൽ ഒതുക്കിയതെന്നും സൂചനയുണ്ട്.
അഴിമതിക്ക് കുടപിടിച്ച് രാഷ്ട്രീയക്കാർ
കൊച്ചറ ഔട്ട്ലെറ്റിലെ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിൽ യൂണിയൻ-രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്. ഇൻ്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ വില കൂട്ടി വിറ്റഴിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സമാനമായ കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ട സിഐടിയു തൊഴിലാളിക്കെതിരെ നടപടിയുണ്ടായില്ല.
സിഐടിയു തൊഴിലാളി 35,000 രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. തുക തിരിച്ചടപ്പിച്ചശേഷം ശിക്ഷണ നടപടിയുടെ ഭാഗമായി സമീപത്തെ ഔട്ട്ലെറ്റിലേക്ക് മാറ്റിയ ഇയാളെ യൂണിയൻ ഇടപെട്ട് ഒരു മാസത്തിനുശേഷം തിരികെ ഇതേ ഔട്ട്ലെറ്റിൽ എത്തിക്കുകയായിരുന്നു.
ബെവ്കോ ഔട്ട്ലെറ്റിലെ ഈ അഴിമതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.
Article Summary: Vigilance report on corruption at Kochara BEVCO outlet is allegedly suppressed.
#BEVCOCorruption #VigilanceReport #IdukkiNews #KeralaPolitics #CorruptionInKerala #Vandanmedu