Investigation | കൈതപ്രത്തെ രാധാകൃഷ്‌ണന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഭാര്യയുടെ മൊഴിയെടുക്കും; ദുരൂഹതയുടെ ചുരുളഴിക്കാൻ അന്വേഷണം ഊർജിതമാക്കി


● തോക്കിൻ്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നു.
● ഗൂഡാലോചനയുടെ സാധ്യത പൊലീസ് സംശയിക്കുന്നുണ്ട്.
● എൻ.കെ. സന്തോഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പയ്യന്നൂർ: (KVARTHA) കൈതപ്രത്ത് ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ.കെ. രാധാകൃഷ്ണൻ്റെ കൊലപാതക കേസിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായി പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാധാകൃഷ്ണൻ്റെ ഭാര്യയുടെ മൊഴിയെടുക്കും. കേസിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
കെ കെ രാധാകൃഷ്ണൻ്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായ സൗഹൃദ ബന്ധം രാധാകൃഷ്ണൻ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. കേസിലെ പ്രതി എൻ കെ സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയത് ഭാര്യയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൻ്റെ പുറകിലുള്ള പമ്പ് ഹൗസിനടുത്ത് നിന്നാണ്. കൊലപാതകം നടന്ന വീടും ഈ വീടുമായി നൂറ് മീറ്ററിനടുത്തുള്ള ദൂരം മാത്രമേയുള്ളു.
സന്തോഷ് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം അറിയാനും കൊലപാതകത്തിന് മുൻപോ ശേഷമോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിട്ടു കിട്ടാനുള്ള കസ്റ്റഡി അപേക്ഷ രണ്ടു ദിവസത്തിനകം നൽകുമെന്നും പൊലീസ് വ്യക്തമായി. അതേസമയം പ്രതി എൻ.കെ. സന്തോഷിനെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസിൽ രാധാകൃഷ്ണൻ്റെ ഭാര്യയെ സംശയിക്കുന്ന തരത്തിലുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഗൂഡാലോചനയുടെ സാധ്യത പൊലീസ് സംശയിക്കുന്നുണ്ട്. സന്തോഷ് രാധാകൃഷ്ണൻ്റെ ഇടനെഞ്ചിൽ നോക്കി വെടിവച്ചതിനു ശേഷം തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണൻ്റെ ഭാര്യ താമസിക്കുന്ന വീടിൻ്റെ വിറകുപുരയിൽ നിന്നാണ്. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിക് തോക്ക് കണ്ടെത്താനായിരുന്നില്ല.
എന്നാൽ പിന്നീട് പൊലീസ് വൈകിട്ട് സന്തോഷുമായി രാധാകൃഷ്ണൻ്റെ ഭാര്യയും അമ്മയും താമസിക്കുന്ന വാടക വീട്ടിൽ തെളിവെടുപ്പിനായി എത്തിയപ്പോൾ വീടിൻ്റെ പിൻഭാഗത്ത് പമ്പ് ഹൗസിനു സമീപമുള്ള വിറക് പുരയിൽ വെടിവയ്ക്കാനുള്ള തോക്ക് കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും പൊലീസ് നായ മണം പിടിച്ച് കുറച്ചുകലെയുള്ള വണ്ണാത്തിപുഴയുടെ ഓരത്തര ചെന്നെത്തിയിരുന്നു. ഇതേ തുടർന്ന് പുഴയോരത്ത് പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. നെഞ്ചത്ത് വെടിയുണ്ട തുളഞ്ഞു കയറിയതാണ് രാധാകൃഷ്ണൻ്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അതേസമയം കെ കെ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് കണ്ണൂർ റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. കണ്ണൂർമാരാർജി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടത്തിയ സന്തോഷ് സി പി എം പ്രവർത്തകനാണെങ്കിലും ഇതൊരു രാഷ്ട്രീയ കൊലപാതകമാണന്ന അഭിപ്രായം ബിജെപിക്കില്ല. എന്നാൽ ചില സിപിഎം പ്രാദേശിക നേതൃത്വത്തിൽ നിന്ന് സന്തോഷിന് ചില സഹായങ്ങൾ ലഭ്യമാകുന്നുണ്ട്. എ ഡി എം നവീൻ ബാബുവിൻ്റെ മരണ സമയത്ത് പി.പി. ദിവ്യയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളാണ് കേസിലെ പ്രതിയായ സന്തോഷെന്നും വിനോദ് കുമാർ ചൂണ്ടിക്കാട്ടി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Police intensify investigation into the murder of KK Radhakrishnan, BJP leader in Kaithapram, suspecting conspiracy. The wife of the victim is to be questioned.
#KKRadhakrishnan #KaithapramMurder #PoliceInvestigation #BJPLeader #MurderConspiracy #SuspiciousDeath