Killed | 'മകള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ല'; 2 വയസുകാരിയെ പിതാവ് കൊന്ന് തടാകത്തില്‍ തള്ളിയതായി പൊലീസ്
ബെംഗ്‌ളൂറു: (www.kvartha.com) രണ്ട് വയസുകാരിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാതുകാരനായ രാഹുല്‍ പര്‍മാറാണ് (45) അറസ്റ്റിലായത്. മകള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാല്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് വര്‍ഷം മുമ്പാണ് ടെകിയായ രാഹുല്‍ ഭാര്യക്കൊപ്പം ബെംഗ്‌ളൂറിലെത്തി താമസമാക്കിയത്. കഴിഞ്ഞ ആറു മാസമായി ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൂടാതെ, ബിറ്റ്‌കോയിന്‍ ബിസിനസില്‍ സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു. നവംബര്‍ 15 മുതല്‍ ഇയാളെയും മകളെയും കാണാനില്ലായിരുന്നു.
തുടര്‍ന്ന് ഭാര്യ ഭവ്യ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് കുഞ്ഞിന്റെ മൃതദേഹം തടാകത്തില്‍നിന്ന് ലഭിച്ചത്. കരയില്‍ ഒരു കാര്‍ ഉപേക്ഷിച്ച നിലയിലും ഉണ്ടായിരുന്നു. നാട്ടുകാര്‍ കോലാര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മകളെ കൊന്ന ശേഷം ഇയാള്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
നേരത്തെ തന്റെ വീട്ടില്‍ കള്ളന്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ്, ഇയാള്‍ തന്നെ ആഭരണം എടുത്ത് വിറ്റതാണെന്നും സംഭവം മോഷണമാക്കി തീര്‍ക്കാന്‍ പരാതി നല്‍കിയതാണെന്നും കണ്ടെത്തിയിരുന്നു.
Keywords: News, National, Police, Crime, Killed, Arrest, Arrested, Bengaluru: Man Kills 2-Year-Old baby girl.