Investigation | വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി കേരള പൊലീസ്; ബ്ലാക്ക് മെയിലിംഗ് ജേർണലിസത്തിനെതിരെ ശക്തമായ നീക്കം; കോം ഇന്ത്യയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി


● ബ്ലാക്ക് മെയിലിംഗും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
● മാധ്യമപ്രവർത്തന പരിചയമോ അടിസ്ഥാന യോഗ്യതയോ ഇല്ലാത്തവർ തട്ടിപ്പ് നടത്തുന്നു.
● മതസ്പർദ്ധ വളർത്തുന്ന വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും നടപടി.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് പെരുകുന്ന വ്യാജ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾക്കും എതിരെ കർശന നടപടിയുമായി കേരള പൊലീസ്. ബ്ലാക്ക് മെയിലിംഗും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് ഉന്നതർ നിർദേശം നൽകി. പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചേർന്ന് മുഖ്യമന്ത്രി, ഡി.ജി.പി, എ.ഡി.ജി.പി എന്നിവർക്ക് നൽകിയ പരാതിയിലാണ് അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ദക്ഷിണ, ഉത്തര മേഖല ഐ.ജിമാർക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി.
ഓൺലൈൻ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ, മാധ്യമപ്രവർത്തനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നു എന്ന് കോം ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായികൾ, ആശുപത്രികൾ, മത-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതായി പരാതിയിൽ പറയുന്നു.
മാധ്യമപ്രവർത്തന പരിചയമോ അടിസ്ഥാന യോഗ്യതയോ ഇല്ലാത്ത വ്യക്തികൾ പോലും ഇത്തരം തട്ടിപ്പുകൾക്കായി രംഗത്തിറങ്ങുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾ മുതൽ സാമൂഹ്യവിരുദ്ധ ശക്തികൾ വരെ ഈ വ്യാജ മാധ്യമങ്ങളുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി കോം ഇന്ത്യയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ചിലർ വെബ്സൈറ്റുകൾ പോലുമില്ലാതെ ഫേസ്ബുക്ക് പേജുകൾ മാത്രം ഉപയോഗിച്ച് മാധ്യമങ്ങളെന്ന വ്യാജേന സ്ഥാപനങ്ങളെ സമീപിക്കുന്നതായും ആരോപണമുണ്ട്.
ചില വ്യാജ മാധ്യമങ്ങൾ കൂട്ടമായി ചേർന്ന് അസോസിയേഷനുകൾ രൂപീകരിച്ച്, അതിൻ്റെ പേരിൽ പണപ്പിരിവുകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിനോടനുബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കോം ഇന്ത്യയുടെ പരാതിയിൽ പറയുന്നു. പരാതി ലഭിച്ച ഉടൻതന്നെ എ.ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പരാതികളും പൊലീസ് പരിശോധിക്കും.
മാധ്യമപ്രവർത്തന പശ്ചാത്തലമില്ലാത്ത ഇത്തരം വെബ്സൈറ്റുകളിൽ വരുന്ന വ്യാജ വാർത്തകൾ പലപ്പോഴും മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ളവയാണ്. ഇത് പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ജനപ്രതിനിധികളെപ്പോലും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തിൽ പി.ആർ.ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുന്നുണ്ട്.
നാനൂറിലധികം ഓൺലൈൻ മാധ്യമങ്ങൾ അപേക്ഷിച്ചതിൽ വെറും 28 മാധ്യമങ്ങൾക്ക് മാത്രമാണ് സർക്കാർ നിശ്ചയിച്ച മിനിമം യൂണിക് വിസിറ്റേഴ്സ് ഉണ്ടായിരുന്നത്. എന്നാൽ അംഗീകാരമോ മതിയായ വായനക്കാരോ ഇല്ലാത്ത പല മാധ്യമങ്ങളും ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്ലാക്ക് മെയിലിംഗും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നത് വ്യാപകമാണെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയിലേക്ക് നീങ്ങുന്നത്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Kerala Police has initiated strict actions against fake online media and YouTube channels. This move comes after a complaint from COM India, highlighting the rise of blackmailing and fraudulent activities under the guise of journalism.
#KeralaPolice #FakeMedia #OnlineFraud #COMIndia #CyberCrime #Journalism