മന്ത്രിസ്ഥാനത്തിന് കോഴ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 3 പേർ കോഴിക്കോട് പൊലീസിൻ്റെ പിടിയിൽ
ADVERTISEMENT
● പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറി എന്ന വ്യാജേനയാണ് പ്രതികൾ ഫോൺ വിളിച്ചത്.
● മൂന്ന് കോടി രൂപയായിരുന്നു പ്രതികൾ മന്ത്രിസ്ഥാനത്തിനായി ആവശ്യപ്പെട്ട കോഴ.
● എംഎൽഎ വിദ്യാ ബാലകൃഷ്ണൻ, എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് ഫോൺ വന്നത്.
● ഫോൺ നമ്പർ പിന്തുടർന്ന് സൈബർ പരിശോധനകളിലൂടെയാണ് യഥാർഥ പ്രതികളെ കണ്ടെത്തിയത്.
● ഡിസിപി പദംസിങ്ങിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
● കസ്റ്റഡിയിലുള്ള പ്രതികളെ വരും ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരും.
കോഴിക്കോട്: (KVARTHA) മൂന്ന് കോടി രൂപയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ മൂന്ന് പേരെയാണ് കോഴിക്കോട് സിറ്റി പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഡിസിപി പദംസിങ്ങിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വരും ദിവസങ്ങളിൽ പ്രതികളുമായി കോഴിക്കോട്ടേക്ക് തിരിക്കും. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് നിലവിൽ പുറത്തുവിട്ടിട്ടില്ല.
കുടുങ്ങിയത് ടവർ ഡംപിങ്ങിലൂടെ
എംഎൽഎയുടെ ഫോണിലേക്ക് വിളിച്ചയാളുടെ നമ്പർ പിന്തുടർന്നാണ് പൊലീസ് സംഘം ഡൽഹിയിലെത്തിയത്. ഈ ഫോൺ നമ്പറിൻ്റെ ഉടമയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൻ്റെ ഫോൺ കളഞ്ഞുപോയെന്നും ആരാണ് അത് ഉപയോഗിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഇയാൾ മൊഴി നൽകിയത്. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ടവർ ഡംപിങ് അടക്കമുള്ള അത്യാധുനിക സൈബർ പരിശോധനകൾ നടത്തിയാണ് യഥാർഥ പ്രതികളാണെന്ന് സംശയിക്കുന്ന മറ്റ് രണ്ടുപേരെ പൊലീസ് കണ്ടെത്തിയത്.
സംശയനിവാരണം പൂർണമായി വരാത്തതിനാൽ ഫോൺ നമ്പറിൻ്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ഡൽഹിയിൽ പൊലീസിൻ്റെ നിരീക്ഷണത്തിൽ നിർത്തും. മറ്റ് രണ്ട് പ്രതികളുമായി പൊലീസ് വൈകാതെ തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടും. ട്രെയിൻ ടിക്കറ്റ് ഇതുവരെ ലഭ്യമാകാത്തതിനാലാണ് യാത്ര വൈകുന്നതെന്നും, ടിക്കറ്റ് ലഭിച്ചാലുടൻ പുറപ്പെടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന പേരിൽ വിളി
സമാനമായ കേസുകളിൽ മുൻപും ഉൾപ്പെട്ടവരാണ് പ്രതികളെന്നും നേരത്തെയും ഇവർ രാഷ്ട്രീയ നേതാക്കളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ആറിനാണ് എലത്തൂർ എംഎൽഎയായ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ വിളിയെത്തിയത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറിയെന്ന വ്യാജേനയായിരുന്നു പ്രതികൾ വിളിച്ചത്.
എംഎൽഎയ്ക്ക് പുറമെ എംപിമാരായ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും സമാനമായ രീതിയിൽ ഫോൺ വിളി എത്തിയിരുന്നു. എംപി ഓഫീസിൽ നിന്നാണ് പ്രതികൾ എംഎൽഎയുടെയും എംപിമാരുടെയും ഫോൺ നമ്പറുകൾ ശേഖരിച്ചതെന്ന് പൊലീസ് പറയുന്നു. ഡിസിപിക്ക് പുറമെ എസ്ഐ അനിൽകുമാർ, നൗഷാദ്, എഎസ്ഐ ബിജു എന്നിവരും ഡൽഹിയിലെ അന്വേഷണ സംഘത്തിലുണ്ട്.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Three held in Delhi for offering a minister post to Kerala MLA for cash.
#KozhikodeNews #CrimeNews #KeralaPolice #BriberyScam #DelhiPolice #MalayalamNews #AnjanaNews
