Drug Bust | ലഹരിക്കെതിരെ പൊരുതി കേരളം; ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ 368 അറസ്റ്റ്; കൊല്ലത്ത് ക്ഷേത്ര ഭാരവാഹിയുടെ കടയിൽ നിന്ന് വൻ ലഹരി ശേഖരം പിടികൂടിയത് ചപ്പാത്തി വിൽപനയുടെ ബോർഡ് വെച്ച  കെട്ടിടത്തിൽ നിന്ന്

 
Representational Image Generated by Meta AI
Representational Image Generated by Meta AI

Kerala Operation Clean Slate drug bust and police actions

● സംസ്ഥാനത്ത് ലഹരി കടത്താൻ ഉപയോഗിച്ച 16 വാഹനങ്ങൾ പിടിച്ചെടുത്തു.
● ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തു.
● 21,389 വാഹനങ്ങൾ പരിശോധിച്ചു.
● 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി.

കൊല്ലം: (KVARTHA) ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്.  ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ ആദ്യ അഞ്ചുദിവസം കൊണ്ട് സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായ നടപടികളാണ് എക്സൈസ് സ്വീകരിച്ചതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു.  ഈ കേസുകളിലായി 378 പ്രതികളെയാണ്  ചേർത്തിട്ടുള്ളത്.  81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.  കൂടാതെ, ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ  അഞ്ചു ദിവസത്തിനുള്ളിൽ 2,181 പരിശോധനകളാണ് നടത്തിയത്.  മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തി.  21,389 വാഹനങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.  സ്‌കൂൾ പരിസരം, ബസ് സ്റ്റാൻ്റ്, ലേബർ ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും  പരിശോധനകൾ  നടത്തി.  മയക്കുമരുന്ന്  വ്യാപനം തടയുന്നതിന്  ശക്തമായ  നടപടികളുമായി  മുന്നോട്ട്  പോകുമെന്നും മന്ത്രി  അറിയിച്ചു. 

പുകയില ഉൽപ്പന്ന ശേഖരം പിടികൂടിയത് ചപ്പാത്തി കടയുടെ ബോർഡ് വെച്ച കടയിൽ നിന്ന് 

കൊല്ലം ഇരവിപുരത്ത് ചപ്പാത്തി കടയുടെ ബോർഡ് വെച്ച കടയിൽ നിന്നാണ് കഴിഞ്ഞ ദിവസം വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടിയത്.  സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോലിലെ ക്ഷേത്ര സെക്രട്ടറി കൂടിയായ കടയുടമ ദീപു ഒളിവിലാണ്. ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 50 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. 

ഏകദേശം 23,000 പായ്‌ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു. മുൻപ് ഇവിടെ ചപ്പാത്തി നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നു. അത്  ഒഴിഞ്ഞതിന് ശേഷം ദീപു ഈ കെട്ടിടം വാടകയ്ക്ക് എടുക്കുകയായിരുന്നു.  കടയുടെ പഴയ ബോർഡ് മാറ്റാതെ ഇത് മറയാക്കി ലഹരി കച്ചവടം നടത്തുകയായിരുന്നു ദീപുവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. പോലീസ് എത്തിയപ്പോൾ ദീപു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണവിവരം. 

മതം  ചർച്ചയാകുന്നതിനെക്കുറിച്ച് നടി  ലാലി പി എം

കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടിയ സംഭവത്തിൽ, സമൂഹത്തിൽ കുറ്റകൃത്യങ്ങൾ  ചെയ്യുന്നവരുടെ  മതം  ചർച്ചയാകുന്നതിനെക്കുറിച്ച് നടി  ലാലി പി എം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്   ശ്രദ്ധേയമായി. 'ഒരു അമ്പലം കമ്മിറ്റി പ്രസിഡണ്ടിന് പകരം ഒരു മുസ്ലീം പള്ളി കമ്മിറ്റി പ്രസിഡൻ്റോ ഒരു മുസ്ലിം പേരുകാരനോ ആയിരുന്നെങ്കിൽ എത്രമാത്രം പോസ്റ്റ് വരേണ്ട ഒരു വാർത്തയായിരുന്നു അത്. കുറഞ്ഞപക്ഷം ജബ്ബാർ മാഷും ഷുക്കൂർ വക്കീലും പിന്നെ സമുദായ പരിഷ്കർത്താക്കളായ പ്രൊഫൈലുകളും എല്ലാവരും ചേർന്ന് കൊണ്ടാടിയേനെ....' എന്ന്  അവർ  പറയുന്നു.  

കുറ്റകൃത്യം  ആര്  ചെയ്താലും  അതിൽ  മതമോ  ജാതിയോ  വർഗ്ഗമോ  നോക്കേണ്ടതില്ലെന്നും,  എങ്കിലും  മുസ്ലിം  പേരിലുള്ളവർ  കുറ്റം  ചെയ്യുമ്പോൾ  അത്  വലിയ  രീതിയിൽ  ചർച്ച  ചെയ്യപ്പെടുന്ന  രീതി  ശരിയല്ലെന്നും  അവർ  സൂചിപ്പിക്കുന്നു.  

Kerala Operation Clean Slate drug bust and police actions

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ രാവിലെ കണ്ട വാർത്തയാണ് . കൊല്ലത്ത് ദീപു എന്ന ആളുടെ കടയിൽ നിന്നും  50 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടി കൂടി എന്നും ആൾ അവിടത്തെ അമ്പലം കമ്മിറ്റി പ്രസിഡന്റ് ആണ് എന്നൊക്കെയായിരുന്നു.
എനിക്കറിയാം സമൂഹത്തിലെ ഒരു ക്രൈമിനും മതമോ ജാതിയോ വർഗ്ഗമോ ഒന്നും പ്രശ്നമല്ല എന്ന്. അതുകൊണ്ടുതന്നെ ഇതൊന്നും എനിക്ക് പോസ്റ്റിടാൻ ഉള്ള കാരണങ്ങളെയല്ല. ഞാനത് കണ്ടു മറക്കുകയും ചെയ്തു.
പക്ഷേ അതിനുശേഷം ഇതേ ക്രൈമുകൾ ചെയ്യുന്ന മുസ്ലീങ്ങളായ കുറ്റവാളികൾ അവരുടെ മതത്തിൻറെ പേര് പറഞ്ഞ് തന്നെ മറ്റുള്ളവരുടെയും ഒപ്പം മുസ്ലിം പ്രൊഫൈലുകളുടെയും രൂക്ഷമായ വിമർശനങ്ങൾക്ക് പാത്രി ഭവിക്കുകയും അത്തരം പോസ്റ്റുകളുടെ അടിയിൽ സ്വന്തം നിരാപരാധിത്വം തെളിയിക്കാൻ എന്നവണ്ണം പലരും "നമ്മുടെ കൗമുകൾ ഇങ്ങനെ ആയല്ലോ, എല്ലാ കുറ്റകൃത്യങ്ങളിലും മുസ്ലീങ്ങൾ ഉണ്ടാകും " തുടങ്ങി സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ കമന്റുകളും ഇടുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വീണ്ടും മേൽപ്പറഞ്ഞ വാർത്തയെ കുറിച്ച് ഓർക്കുകയും അതിനെക്കുറിച്ച് ആരും ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന് വിചാരിക്കുകയും ചെയ്തു.  ഒരു അമ്പലം കമ്മിറ്റി പ്രസിഡണ്ടിന് പകരം ഒരു മുസ്ലീം പള്ളി കമ്മിറ്റി പ്രസിഡൻ്റോ ഒരു മുസ്ലിം പേരുകാരനോ ആയിരുന്നെങ്കിൽ എത്രമാത്രം പോസ്റ്റ് വരേണ്ട ഒരു വാർത്തയായിരുന്നു അത്. കുറഞ്ഞപക്ഷം ജബ്ബാർ മാഷും ഷുക്കൂർ വക്കീലും പിന്നെ സമുദായ പരിഷ്കർത്താക്കളായ പ്രൊഫൈലുകളും എല്ലാവരും ചേർന്ന് കൊണ്ടാടിയേനെ....
(കൊണ്ടാടപ്പെടാത്തതിൽ എനിക്ക് സന്തോഷമേയുള്ളൂ കേട്ടോ. ദീപുവിനും ഉണ്ടാവില്ലേ അമ്മയും പെങ്ങമ്മാരും ഒക്കെ. അവരെക്കുറിച്ചും നമ്മൾ ഓർക്കേണ്ടേ. ) 
സത്യം പറഞ്ഞാൽ ഒരു കുറ്റം വാർത്തയാകണമെങ്കിലും അതിൽ ഏർപ്പെട്ട കുറ്റവാളികളുടെ അയൽവക്കത്തെങ്കിലും മുസ്ലിങ്ങൾ വേണമെന്ന അവസ്ഥയായിരിക്കുന്നു. 😀😀😀
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Kerala's Operation Clean Slate targets drug abuse, with 368 arrests and 81.13 lakhs worth of drugs seized. A major tobacco smuggling bust also took place.

#Kerala #DrugBust #CleanSlate #TobaccoSmuggling #PoliceAction #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia