SCAM | കണ്ണൂരിലും കാറഡുക്ക മോഡല്‍ തട്ടിപ്പ്; രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാന്‍ ഭരണസമിതി നീക്കം


കണ്ണൂര്‍: (KVARTHA) കാറഡുക്ക മോഡല്‍ തട്ടിപ്പ് കണ്ണൂരിലും. ഒരുകോടിരൂപയുടെ വായ്പാക്രമക്കേട് കണ്ടെത്തി. രണ്ടുജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
സിപിഎം നിയന്ത്രണത്തിലുളള ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടു സെക്രട്ടറിയെയും മാനേജരെയും ഭരണസമിതി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഭരണസമിതി യോഗത്തിന്റെ അനുമതി വാങ്ങാതെ വലിയ തോതില്‍ വായ്പ അനുവദിച്ചു തട്ടിപ്പു നടത്തിയതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ഒറ്റ ദിവസം കൊണ്ടു പത്തുലക്ഷം രൂപ വീതം പത്തുപേര്‍ക്ക് വായ്പയായി അനുവദിക്കുകയും ഇതു മറ്റൊരാള്‍ക്ക് മാത്രമായി നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചു പത്തുപേരെ ബാങ്കില്‍ വിളിപ്പിച്ച് രേഖകളില്‍ ഒപ്പുവയ്പ്പിച്ചു അവരറിയാതെ വായ്പയെന്ന നിലയില്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ വായ്പ നല്‍കിയ ഒരു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഭരണസമിതി വായ്പയുടെ വ്യാപ്തി അറിയുന്നതും അന്വേഷണം നടത്തുന്നതും.
വായ്പ നല്‍കിയയാള്‍ വായ്പ തിരിച്ചടയ്ക്കാത്തതോടെ ബാങ്ക് പ്രസിഡന്റ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുളള സ്ഥാപനത്തിനാണ് വായ്പ നല്‍കിയതെന്ന് കണ്ടെത്തിയത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരില്‍ നിന്നും പണം തിരിച്ചു പിടിക്കാനുളള നീക്കവും നടത്തിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സിപിഎം നേതൃത്വമോ സഹകരണ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി സ്വാധീനകേന്ദ്രമായ അഞ്ചരക്കണ്ടി ഏരിയാകമ്മിറ്റിക്ക് കീഴിലുളള ഇരിവേരി ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം പുകയുന്നുണ്ട്. നേതൃത്വത്തിനെതിരെ അണികള്‍ രംഗത്തുവരുന്ന സാഹചര്യമാണുളളത്.