കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ കാമുകൻ കാലനായി: ദർഷിതയെ ഇല്ലാതാക്കാൻ സിദ്ധുരാജിനെ പ്രേരിപ്പിച്ചത് പൊന്നിനോടും പണത്തോടുമുള്ള ആർത്തിയെന്ന് പോലീസ്


● ഹൊസൂരിലെ ലോഡ്ജ് മുറിയിൽ വെച്ചാണ് കൊലപാതകം നടന്നത്.
● മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റൊനേറ്റർ ഉപയോഗിച്ചാണ് കൊല നടത്തിയത്.
● കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സിദ്ധുരാജിനെ പോലീസ് പിടികൂടി.
● ഭർത്താവ് നാട്ടിലെത്തുന്നതിന് മുമ്പ് ഒളിച്ചോടാൻ യുവതി പദ്ധതിയിട്ടു.
കണ്ണൂർ: (KVARTHA) ഭർതൃവീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നത് മരുമകൾ ദർഷിത (22) തന്നെയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ബാല്യകാല സുഹൃത്തും കാമുകനുമായ സിദ്ധുരാജിനൊപ്പം (23) ജീവിക്കാനായിരുന്നു ദർഷിതയുടെ ഭർതൃവീട്ടിൽനിന്നുള്ള യാത്ര.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ഹൊസൂറിൽ എത്തിയത്. പണവും സ്വർണവുമായി കൂടെയുണ്ടായിരുന്ന ദർഷിതയോട് ഒരുമിച്ചു ജീവിക്കണമെങ്കിൽ രണ്ടര വയസ്സുകാരി മകളെ വീട്ടിൽ കൊണ്ടുപോയി നിർത്തണമെന്ന് കാമുകൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് മകളെ സ്വന്തം വീട്ടിലാക്കിയതിനു ശേഷമാണ് ദർഷിത സിദ്ധുരാജിനൊപ്പം ഹൊസൂരിനടുത്ത് സാലിഗ്രാമിലെടുത്ത ലോഡ്ജ് മുറിയിലെത്തിയത്. നേരത്തെ ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞ് സിദ്ധുരാജ് ഭർത്താവ് ഗൾഫിൽനിന്ന് അയച്ചു കൊടുത്ത ഒരു ലക്ഷം രൂപ ദർഷിതയിൽനിന്ന് കൈക്കലാക്കിയിരുന്നു.
അടുത്ത മാസം ഓണത്തിന് ദർഷിതയുടെ ഭർത്താവ് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതിനാൽ സിദ്ധുരാജിന് കൊടുത്ത പണം തിരികെ ചോദിക്കുമോയെന്ന ഭയം ദർഷിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഭർതൃവീട്ടിൽനിന്ന് ഒളിച്ചോടി പുതിയ ജീവിതം തുടങ്ങാനുള്ള സിദ്ധുരാജിന്റെ വാഗ്ദാനത്തിൽ യുവതി വീണുപോയത്. കുട്ടിയെയും താൻ സംരക്ഷിച്ചുകൊള്ളാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ദർഷിതയും സിദ്ധുരാജ് ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലെ ഏതെങ്കിലും ചടങ്ങുകൾക്കോ വിശേഷങ്ങൾക്കോ ദർഷിത പോകുമ്പോൾ അടുത്ത ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവറാണെന്ന വ്യാജേന സിദ്ധുരാജ് ഭർതൃവീട്ടിൽ എത്തിയിരുന്നു.
ദർഷിത നാട്ടിലെത്തുമ്പോൾ ഇയാൾ നിത്യസന്ദർശകനായിരുന്നു. യുവതിയെയുംകൊണ്ട് പലയിടങ്ങളിൽ കറങ്ങുകയും സ്വകാര്യ നിമിഷങ്ങൾക്കായി സാലിഗ്രാമിലെ ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തിരുന്നു. ദമ്പതികളാണെന്ന് പറഞ്ഞാണ് ഇവർ മുറിയെടുത്തിരുന്നത്.
താൻ ഭർതൃവീട്ടിൽനിന്ന് കൊണ്ടുവന്ന നാല് ലക്ഷം രൂപയും 30 പവനും തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പെരിയ പട്ടണം സ്വദേശി സിദ്ധുരാജുമായി യുവതി തെറ്റിയത്. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കല്യാട്ടേ ഭർതൃവീട്ടിൽ കവർച്ച നടത്തിയത് ദർഷിതയാണെന്ന വ്യക്തമായ സൂചന ഇരിക്കൂർ പോലീസിന് ലഭിച്ചിരുന്നു. ഇത് കാരണം പോലീസ് ദർഷിതയെ മൊബൈൽ ഫോണിൽ വിളിക്കുകയും സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ സിദ്ധുരാജിന്റെ സമനില തെറ്റി. ദർഷിതയോടൊപ്പം താനും കുടുങ്ങുമെന്നായപ്പോൾ ദർഷിതയിൽനിന്ന് പണം കൈക്കലാക്കി രക്ഷപ്പെടാൻ ഇയാൾ തീരുമാനിച്ചു. ഇതിനായി ദർഷിതയെ ഷോക്കടിപ്പിച്ചു കൊല്ലാനായിരുന്നു പദ്ധതി.
താൻ ജോലി ചെയ്തിരുന്ന ഇലക്ട്രിക്കൽ - ഹാർഡ്‌വെയർ കടയിൽനിന്ന് മൊബൈൽ ചാർജറിൽ ഘടിപ്പിക്കാൻ പറ്റിയ ഡിറ്റൊനേറ്റർ സംഘടിപ്പിച്ചു. ചാർജർ പൊട്ടിത്തെറിച്ച് യുവതി മരിച്ചുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത് ചെയ്തത്. എന്നാൽ, യുവതിയുടെ വായിൽ ഡിറ്റൊനേറ്റർ ഘടിപ്പിച്ച് ഷോക്കടിപ്പിച്ചാണ് ഇയാൾ കൊന്നത്.
യുവതിയുടെ മരണ വെപ്രാളത്തോടെയുള്ള നിലവിളി കേട്ട ലോഡ്ജിലെ ജീവനക്കാർ അസ്വാഭാവിക സാഹചര്യത്തിൽ മുറിയിൽ മൃതദേഹം കണ്ടതോടെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഇതിനു ശേഷം സ്വന്തം നാടായ പെരിയ പട്ടണത്തേക്ക് ഒളിവിൽ പോയ സിദ്ധുരാജിനെ പോലീസ് പിടികൂടി. ഇരിക്കൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്നാണ് മരുമകളും കാമുകനും ചേർന്ന് വൻ കവർച്ച നടത്തിയത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയുമാണ് നഷ്ടമായത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Woman killed by lover after robbery for gold and money.
#KeralaCrime #Kannur #Cheating #Murder #LoveBetrayal #CrimeNews