പിഞ്ചു കുഞ്ഞിനെ എറിഞ്ഞ് കൊന്ന കേസ്: അമ്മയ്ക്കും കാമുകനുമെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഡി വൈ എസ് പി
May 14, 2020, 16:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 14.05.2020) തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡി വൈ എസ് പി പി സദാനന്ദന് അറിയിച്ചു. നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശാസ്ത്രീയമായി ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സദാനന്ദന് പറഞ്ഞു. കൊലപാതകം നടന്ന് തൊണ്ണൂറ് ദിവസം ആകുമ്പോഴാണ് കേസില്‍ പൊലീസ് കുറ്റപത്രം നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരി 17ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയത്.
രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണം ഉറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവിനെ കുടുക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി. ഇത് പൊലീസ് സംഘത്തെ ഏറെ വലച്ചിരുന്നു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നില്‍ പറഞ്ഞ കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു ശരണ്യയുടെ വാദം.
എട്ട് മണിക്കൂറുകളിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിലും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം, ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന് നിധിന്റെ ഫോണ്‍ കോള്‍ വന്നത് കേസന്വേഷണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായിരുന്നു. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ ശരണ്യക്ക് പിടിച്ചു നില്‍ക്കാനാകാതെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച ശാസ്ത്രീയ തെളിവുകളും പോലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്.
ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറന്‍സിക് പരിശോധന ഫലം, കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍ എന്നിവയാണ് പ്രതിസ്ഥാനത്തേക്ക് ശരണ്യയെ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
