കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിൽ വൻ കവർച്ച; ഒന്നേകാൽ ലക്ഷം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു
ADVERTISEMENT
●ബുധനാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്
● മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തുമാണ് മോഷ്ടാവ് അകത്ത് കയറിയത്
●വാച്ച്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ബാഗ്, പച്ചക്കറി, മൊബൈൽ എന്നിവ വിൽപന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്
● സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
● രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും സമാനമായ മോഷണം നടക്കുന്നത്
● രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കണ്ണൂർ: (KVARTHA) നഗരഹൃദയത്തിലെ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളിൽ പരക്കെ മോഷണം. ജൂൺ 10 ബുധനാഴ്ച അർധരാത്രിയാണ് കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തും മോഷ്ടാവ് അകത്ത് കയറിയത്. ഒന്നേകാൽ ലക്ഷം രൂപയും നിരവധി സാധനങ്ങളുമാണ് വിവിധ കടകളിൽ നിന്നായി നഷ്ടപ്പെട്ടത്. അർധരാത്രി എത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ബാഗ്, പച്ചക്കറി, മൊബൈൽ എന്നിവ വിൽപന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്.
ജനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് കടയിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും എട്ട് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. നവാസിന്റെ താജ് മൊബൈൽ ഷോപ്പിൽ നിന്നും ഇയർഫോൺ, ചാർജർ എന്നിവയും അനസ് കക്കാടിന്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും ദീപ സ്‌റ്റോറിൽ നിന്നും കത്തിവാളും മറ്റ് ഉപകരണങ്ങളും 5000 രൂപയും കവർന്നു. നാസർ കക്കാടിന്റെ തുണിക്കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയെങ്കിലും അവിടെ നിന്നും ഒന്നും നഷ്ടമായിട്ടില്ല. തൊട്ടടുത്ത രതീഷിന്റെ പച്ചക്കറിക്കടയിലും കള്ളൻ കയറിയിരുന്നു. ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാന്റ്സ്, ഷർട്ട് എന്നിവയും 500 രൂപയുമാണ് മോഷണം പോയത്.
രണ്ട് മാസത്തിന് ശേഷം വീണ്ടും പ്രസ് ക്ലബ് റോഡിലെ കടകളിൽ മോഷണം നടന്നത് വ്യാപാരികളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ കുഞ്ഞുകുഞ്ഞ് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ വേഗത്തിൽ പിടികൂടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെ വി സലീമും പൊലീസിനോട് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Seven shops on Press Club Road in Kannur were burglarized late Wednesday night, resulting in a loss of around Rs 1.25 lakh in cash and goods, prompting local merchants to demand stricter night patrolling by the police.
#KannurNews #KeralaPolice #Theft #CrimeNewsKerala #PressClubRoad #KannurCity #MalayalamNews #AnjanaNews
