കണ്ണൂരിൽ കുറുനരിയുടെ കടിയേറ്റ് മൂന്ന് വയസുകാരൻ ഉൾപ്പെടെ 13 പേർക്ക് പരിക്ക്; നാട്ടുകാർ ഭീതിയിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നേരത്തെ പരിക്കേറ്റ പത്ത് പേരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ.
● കുറുനരിയുടെ ആക്രമണം കാരണം പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
● സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്നു.
● പത്രം, പാൽ വിതരണക്കാർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിൽ.
● കുറുനരി ശല്യം അവസാനിപ്പിക്കാൻ നാറാത്ത് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.
കണ്ണൂർ (KVARTHA): ജില്ലയിലെ കണ്ണാടിപറമ്പ് മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുറുനരിയുടെ ആക്രമണം. മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ 13 പേർക്ക് കടിയേറ്റു. വ്യാഴാഴ്ച രാവിലെ ഏഴര മണി മുതലാണ് പ്രദേശത്ത് അക്രമാസക്തമായ കുറുനരി ആളുകളെ കടിച്ചു പരിക്കേൽപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഈ മേഖലയിൽ കുറുനരിയുടെ ആക്രമണമുണ്ടാകുന്നത്.

രാവിലെ കൂലിപ്പണിക്ക് പോവുകയായിരുന്ന ഒരു വഴിയാത്രക്കാരനെയാണ് കുറുനരി ആദ്യം കടിച്ചു പരിക്കേൽപ്പിച്ചത്. ഇതിനു ശേഷം മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന ഒരു സ്ത്രീക്കും തൊട്ടടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരനും കടിയേറ്റു. ഇതിനു ശേഷം പ്രദേശത്ത് പരക്കം പാഞ്ഞ കുറുനരി കണ്ടവരെയൊക്കെ ആക്രമിച്ചു. ഇതിനെ നാട്ടുകാർ വടിയും കല്ലുമായി പിന്തുടർന്നെങ്കിലും അപ്രത്യക്ഷമായി.
കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ച മുൻപും കണ്ണാടിപറമ്പ് മേഖലയിൽ കുറുനരിയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം ഇതിനെ ആളൊഴിഞ്ഞ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കണ്ണാടിപറമ്പ് മേഖലയിലെ കുറുനരി ശല്യം അവസാനിപ്പിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നാറാത്ത് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. രണ്ട് തവണയുണ്ടായ കുറുനരി ആക്രമണത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടിക്കുന്ന അവസ്ഥയാണ്. പത്രം, പാൽ വിതരണം നടത്തുന്നവരും തൊഴിലുറപ്പ് തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഇപ്പോൾ പ്രതിസന്ധിയിലാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Fox attack in Kannur injures 13 people, causing panic.
#Kannur #FoxAttack #Kannadiparamaba #KeralaNews #AnimalAttack #Safety