കണ്ണൂരിൽ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി എക്സൈസ് വേട്ട; രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലേറെ കേസുകൾ, കുടുങ്ങിയത് വൻ ലഹരിമാഫിയ
ADVERTISEMENT
● 11 ഗ്രാം എംഡിഎംഎ, 114 ഗ്രാം മെത്താംഫെറ്റാമിൻ, 55 കിലോ കഞ്ചാവ് എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.
● 7000 ലിറ്റർ സ്പിരിറ്റും മറ്റ് വിദേശമദ്യ ശേഖരങ്ങളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
● കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജും കൂത്തുപറമ്പ് നിർമ്മലഗിരി കോളജും ഡ്രഗ് ഫ്രീ കാമ്പസായി പ്രഖ്യാപിച്ചു.
● വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 422 ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച് ബോധവൽക്കരണം നടത്തി.
കണ്ണൂർ: (KVARTHA) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്.. 'ഓപ്പറേഷൻ തണ്ടർ', 'വിമുക്തി', 'ഓപ്പറേഷൻ ഗ്രീൻ ലീഫ്' തുടങ്ങിയ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി വ്യാപക പരിശോധനകളും റെയ്ഡുകളുമാണ് ജില്ലയിലുടനീളം ഈ കാലയളവിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയത്. വിപുലമായ ഈ പരിശോധനകളുടെ ഫലമായി വിവിധ വിഭാഗങ്ങളിലായി 2185 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു.
വിദ്യാലയങ്ങൾക്ക് കാവലായി 'ഓപ്പറേഷൻ തണ്ടർ'
വിദ്യാലയങ്ങളെ പൂർണ്ണമായും ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി കഴിഞ്ഞ 100 ദിവസത്തിനിടയിൽ ജില്ലയിൽ 3327 റെയ്ഡുകളും 51,143 വാഹന പരിശോധനകളും എക്സൈസ് സംഘം നടത്തി.
ഈ പരിശോധനകളെ തുടർന്ന് 522 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 225 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അബ്കാരി കേസുകളിൽ പിടിച്ചെടുത്ത 43 വാഹനങ്ങൾ സർക്കാർ ലേലം ചെയ്യുകയും ഇതിലൂടെ 13.5 ലക്ഷം രൂപ സർക്കാരിലേക്ക് വകയിരുത്തുകയും ചെയ്തു.
ലഹരിമരുന്നുകളുടെ ഉപയോഗം, ഉത്പാദനം, കടത്ത്, വിൽപ്പന എന്നിവ കർശനമായി തടയുന്നതിനായുള്ള എൻ.ഡി.പി.എസ് നിയമപ്രകാരം 235 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ അഞ്ച് വാഹനങ്ങളും 55,090 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
വൻ ലഹരിവേട്ട; പിടികൂടിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. 11 ഗ്രാം എം.ഡി.എം.എ, 114 ഗ്രാം മെത്താംഫെറ്റാമിൻ, 55 കിലോ കഞ്ചാവ്, 12 കഞ്ചാവ് ചെടികൾ, നാല് ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തത്. ഇതിനുപുറമെ 7000 ലിറ്റർ സ്പിരിറ്റ്, 61.9 ലിറ്റർ ചാരായം, 1332.465 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവയും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന്റെ ഭാഗമായി 258 ലേബർ ക്യാമ്പുകൾ, 808 നഗറുകൾ, 171 റെയിൽവേ സ്റ്റേഷനുകൾ, 2676 സ്കൂൾ പരിസരങ്ങൾ, 933 ബസ് സ്റ്റാന്റുകൾ, 719 മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എക്സൈസ് സംഘം അരിച്ചുപെറുക്കി പരിശോധന നടത്തി.
വ്യാജമദ്യത്തിനെതിരായ 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായി 1776 കള്ള് ഷാപ്പുകൾ പരിശോധിച്ച് 261 സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിലുടനീളം ഷാഡോ പൊലീസിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ലഹരിവിമുക്ത കാമ്പസുകൾ; സജീവമായി വിമുക്തി മിഷൻ
സർക്കാരിന്റെ 'വിമുക്തി മിഷന്റെ' ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി 422 ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുകയും 1304 ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ ജില്ലയിലെ രണ്ട് കാമ്പസുകളെ 'ഡ്രഗ് ഫ്രീ' കാമ്പസായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലെ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ്, കൂത്തുപറമ്പിലെ നിർമ്മലഗിരി കോളജ് എന്നിവയാണ് ഡ്രഗ് ഫ്രീ കാമ്പസായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Excise dept registered 2185 cases in Kannur during the 100-day drive.
#KannurNews #ExciseDepartment #KeralaPolice #AntiDrugDrive #VimukthiMission #Kannur pleas eprovide #AmmuNews
