കണ്ണൂർ സെൻട്രൽ ജയിൽ: തടവുകാരുടെ പറുദീസയോ? ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടങ്ങൾ നൽകുന്ന പാഠങ്ങൾ

 
Kannur Central Jail: A Paradise for Prisoners? Lessons from Govindachami's Escapes
Kannur Central Jail: A Paradise for Prisoners? Lessons from Govindachami's Escapes

Image Credit: Website/ Kerala Prisons

● ജയിൽ നിയന്ത്രിക്കുന്നത് രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ.
● ജയിൽ അടുക്കളയിൽ പോലും കഞ്ചാവ് കടത്ത്.
● തടവുകാരുടെ ആത്മഹത്യകളും ജയിൽ ചാട്ടങ്ങളും ആവർത്തിക്കുന്നു.
● ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സുരക്ഷാ വീഴ്ച തെളിയിക്കുന്നു.

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) കണ്ണൂരിന് മാത്രമല്ല കേരളത്തിന് തന്നെ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ് പള്ളിക്കുന്നിലെ സെൻട്രൽ ജയിൽ. എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികൾ സമരകാലത്ത് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഏടുകൾ കഴിച്ചുകൂട്ടിയത് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ ജയിലിനകത്താണ്. 

കയ്യൂർ സമര പോരാളികളായ അഞ്ച് കമ്മ്യൂണിസ്റ്റുകാരെ തൂക്കിലേറ്റിയതും ഈ ജയിലിലെ കഴുമരത്തിൽ വെച്ചായിരുന്നു. കാലക്രമേണ കണ്ണൂർ സെൻട്രൽ ജയിൽ ജീർണിക്കുകയും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണക്കാരായ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങൾ പത്താം ബ്ലോക്കിൽ സ്ഥിരം താമസക്കാരാവുകയും ചെയ്തു. ഇതിനൊപ്പമാണ് വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ കൊലപാതകങ്ങളും മോഷണങ്ങളും പീഡനങ്ങളും നടത്തിയവരും എത്തുന്നത്.

വെറും ആയിരം പേർക്ക് താമസിക്കാൻ പറ്റുന്ന ജയിലിൽ 1300-ൽ അധികം പേരുണ്ടെന്നാണ് കണക്കുകൾ. ഇവരെയൊക്കെ നോക്കി നടത്താൻ അഞ്ചിലൊന്ന് ജയിൽ വാർഡൻമാർ പോലുമില്ലെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. 

കേരളത്തിലെ രണ്ട് സെൻട്രൽ ജയിലുകളിൽ സൂപ്രണ്ടുമാരില്ല എന്നതും ശ്രദ്ധേയമാണ്. പിൻവാതിൽ നിയമനം വഴി ഭരണകക്ഷി പാർട്ടിക്കാരായവരെ വാർഡൻമാരാക്കി സ്ഥിരപ്പെടുത്തുകയാണെന്ന ആക്ഷേപവുമുണ്ട്.

പത്താം ബ്ലോക്കിൽ താമസിക്കുന്ന രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളുടെയും ക്രിമിനലുകളായ ചില മേസ്തിരിമാരുടെയും നിയന്ത്രണത്തിലാണ് നിലവിൽ ജയിൽ. അതുകൊണ്ടാണ് ജയിൽ അടുക്കളയിൽ പോലും കഞ്ചാവ് കടത്താൻ സാധിക്കുന്നത്. ജയിലിന് പുറത്തെ ഫ്രീഡം ചപ്പാത്തി കൗണ്ടറിൽ വൻ മോഷണം നടന്നിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ജയിലിനകത്ത് തടവുപുള്ളികളുടെ ആത്മഹത്യകളും ആവർത്തിക്കുകയാണ്. പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ചത് വനിതാ ജയിലിൽ നിന്നാണ്. ആയിപ്പുഴ പെൺവാണിഭ കേസിലെ പ്രതിയും ജീവനൊടുക്കി. ഇതൊക്കെ ഒരു വശത്ത് തുടരുമ്പോഴാണ് ജയിൽ അന്തേവാസികളുടെ തടവുചാട്ടം നടക്കുന്നത്. 

15 വർഷം മുൻപാണ് റിപ്പർ ജയാനന്ദനും പെരിയാട്ടടുക്കം റിയാസും ജയിൽ ചാടുന്നത്. പിന്നീട് ഇരുവരെയും പിടികൂടി. അന്നത്തെ ജയിൽ എ.ഡി.ജി.പിയായിരുന്ന അലക്സാണ്ടർ ജേക്കബ് പറഞ്ഞ ഒരു വാചകം ഇപ്പോഴും സ്മരണീയമാണ്: ‘കണ്ണൂർ സെൻട്രൽ ജയിലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സമർത്ഥരായ തടവുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു.’

അത്യന്തം സുരക്ഷാ വീഴ്ച കൂടി ഇതിനൊപ്പം ചേരുമ്പോൾ കണ്ണൂർ സെൻട്രൽ ജയിൽ കുറ്റവാളികളുടെ പറുദീസയായി മാറുകയാണ്. രാത്രി മുതൽ പുലർച്ചെ വരെ മൂന്ന് വാർഡൻമാർ നടത്തേണ്ട മിഡ്‌നൈറ്റ് പട്രോളിങ് സെർച്ച് കാര്യക്ഷമമല്ലെന്നാണ് ഗോവിന്ദച്ചാമിയുടെ കുപ്രസിദ്ധമായ ജയിൽ ചാട്ടത്തിലൂടെ തെളിയുന്നത്. 

കഞ്ചാവും മയക്കുമരുന്നും സ്മാർട്ട് ഫോണുകളും നിറയുന്ന കണ്ണൂരിലെ സെൻട്രൽ ജയിൽ ഇനിയെങ്കിലും പരിഷ്കരിച്ചു ബലപ്പെടുത്തിയില്ലെങ്കിൽ തടവുചാട്ടങ്ങളും കൊലപാതകങ്ങൾ പോലും ആവർത്തിക്കപ്പെട്ടേക്കാം.

കണ്ണൂർ സെൻട്രൽ ജയിലിനെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്നും കരകയറ്റണമെങ്കിൽ തളിപ്പറമ്പിലും കൂത്തുപറമ്പിലും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സബ് ജയിലുകൾ ഉടൻ പൂർത്തീകരിക്കണം. പ്രാദേശിക കോടതികൾ റിമാൻഡ് ചെയ്യുന്ന നിസ്സാര കുറ്റങ്ങളിലെ പ്രതികളെ സംസ്ഥാനമാകെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന തടവുകാർക്കൊപ്പം പാർപ്പിക്കരുത്. 

ചെറിയ കുറ്റങ്ങളുമായി വരുന്നവർ പ്രൊഫഷണൽ കുറ്റവാളികളായി മടങ്ങുന്ന ചരിത്രമാണ് പലപ്പോഴും ജയിലുകൾക്കുള്ളത്. കറക്ഷണൽ ഹോം, അന്തേവാസികൾ എന്നൊക്കെ ആലങ്കാരികമായി വിളിക്കാമെങ്കിലും അതൊന്നും ഒരു ശതമാനം പോലും ഇവിടെ നടക്കുന്നില്ല. ജയിൽ വെൽഫെയർ ഓഫീസർമാരൊക്കെ വെറുതെ ശമ്പളം വാങ്ങുന്ന സാധാരണ സർക്കാർ ഉദ്യോഗസ്ഥന്മാർ മാത്രമാണ്.


കണ്ണൂർ സെൻട്രൽ ജയിലിലെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Kannur Central Jail faces severe overcrowding, staff shortage, and security lapses.

#KannurJail #JailBreak #PrisonReform #KeralaPolice #SecurityLapse #LawAndOrder

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia