രഹസ്യ വിവരം ഫലം കണ്ടു; ജോലിക്കെത്തിയവർ കഞ്ചാവ് കച്ചവടക്കാർ; കണ്ണൂരിൽ രണ്ടുപേർ പിടിയിൽ


● ലോഡ്ജിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
● കേരള എ.ടി.എസിൻ്റെ സഹായം അന്വേഷണത്തിന് ലഭിച്ചു.
● പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
● വരും ദിവസങ്ങളിൽ ലഹരിക്കെതിരെ ശക്തമായ നടപടി.
കണ്ണൂർ: (KVARTHA) നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നും 10 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെയാണ് എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.
കണ്ണൂർ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച (മെയ് 09) രാത്രി കണ്ണൂരിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടിയത്.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്ക്വാഡിൻ്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ.
സംശയം തോന്നാതിരിക്കാൻ ഇവർ കേരളത്തിൽ പലവിധ ജോലികൾ ചെയ്യാറുണ്ട്. നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുന്നതാണ് ഇവരുടെ രീതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇവർ.
പ്രതികളെ കണ്ടുപിടിക്കുന്നതിന് കേരള എ.ടി.എസിൻ്റെ സഹായം ലഭിച്ചിട്ടുണ്ട്. അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂണോളി, പി.കെ.അനിൽകുമാർ, ആർ.പി.അബ്ദുൽ നാസർ, സി.പുരുഷോത്തമൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ എം.സി.വിനോദ്, പി.പി.സുഹൈൽ, പി.ജലീഷ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ സി.അജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കണ്ണൂർ ജെ.എഫ്.സി.എം 1 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർനടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. വരും ദിവസങ്ങളിലും ലഹരിക്കെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Two Odisha natives were arrested in Kannur with 10 kilograms of cannabis from a lodge following a tip-off. They used to work in Kerala and smuggle cannabis while returning from their hometown. The accused have been remanded in custody.
#Kannur, #CannabisSeizure, #Excise, #DrugMafia, #KeralaNews, #Arrest