Tragic Incident | കന്നഡ നടി ശോഭിത ഹൈദരാബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
● 'ബ്രഹ്മഗന്തു', 'നിനിദാലെ' തുടങ്ങിയ സീരിയലുകളുടെ വേഷങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു ശോഭിത.
● സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഹൈദരാബാദ്: (KVARTHA) കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 29 വയസായിരുന്നു. ഗച്ചിബൗളിയിലെ ശ്രീറാം നഗർ കോളനിയിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം.
അയൽവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അപ്പാർട്ട്‌മെൻ്റിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ ശോഭിതയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കർണാടകയിലെ ഹാസനിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
'ബ്രഹ്മഗന്തു', 'നിനിദാലെ' തുടങ്ങിയ സീരിയലുകളുടെ വേഷങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു ശോഭിത. എറഡോണ്ട്ല മൂറു, എടിഎം: അറ്റംപ്റ്റ് ടു മർഡർ, വന്ദന തുടങ്ങിയ ജനപ്രിയ സിനിമകളിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം വിവാഹിതയായ ശോഭിത ഭർത്താവ് സുധീറിനൊപ്പം ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
ശോഭിതയുടെ മരണത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
#Shobhita #KannadaActress #MysteriousDeath #Hyderabad #SuicideInvestigation #EntertainmentNews