Investigation | കളിയിക്കാവിളയിൽ ക്വാറി ഉടമയുടെ കൊലപാതകം: പൊലീസ് തിരയുന്ന സുനിൽ കുമാർ കാണാമറയത്ത് തന്നെ; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 
Deepu
Deepu


പണം തട്ടിയെടുക്കൽ മാത്രമോ അതോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്

 

തിരുവനന്തപുരം: (KVARTHA) കേരള-തമിഴ് നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് ക്വാറി ഉടമ മലയിന്‍കീഴ് സ്വദേശി ദീപുവിനെ (46) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി. അതേസമയം സുനിൽ കുമാറിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിൽ തുടരുകയാണ്.

കന്യാകുമാരി കുലശേഖരത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് സുനിൽ കുമാറിന്റെ കാർ കണ്ടെത്തിയത്. പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് തക്കല ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. സുനിൽകുമാർ തമിഴ് നാട്ടിലേക്ക് കടന്നിരിക്കാമെന്ന പൊലീസിന്റെ സംശയത്തിന് ബലമേകുന്നതാണ് പുതിയ സംഭവവികാസം.

സുനിൽകുമാറിൻ്റെ അടുത്ത സുഹൃത്ത് പ്രദീപ് എന്നയാളെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യം നടത്തിയതായി പൊലീസ് കണ്ടെത്തിയ ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജി കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം അമ്പിളി നടത്തിയ ക്വടേഷന്‍ കൊലപാതകമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ്. 

കൊല നടത്തുന്നതിന് സര്‍ജികല്‍ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കിയതായി പൊലീസ് കണ്ടെത്തിയ ‘ബ്രദേഴ്‌സ് സര്‍ജിക്കല്‍’ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് സുനില്‍കുമാര്‍. ഈ സ്ഥാപനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായും വ്യക്തമായിട്ടുണ്ട്. അമ്പിളിയുടെ വീട്ടിലും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു

മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയതായിരുന്നു ദീപു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പ്രദേശവാസികളാണ് മഹേന്ദ്ര എസ് യു വി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊള്ളാച്ചിയിലും കോയമ്പത്തൂരിലും പോയി മണ്ണുമാന്തിയന്ത്രം വാങ്ങി വീടിനു സമീപത്തെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തി മറിച്ചുവില്‍ക്കുന്ന ജോലിയും ദീപു ചെയ്തിരുന്നു. 

കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും ദീപു തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊണ്ടുപോയ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ മൂവരും ചേർന്ന് കൃത്യം നടത്തിയതായി സംശയിക്കുന്നു. പണം തട്ടിയെടുക്കൽ മാത്രമോ അതോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia