Investigation | കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ട: കേസിൽ 2 പൂർവ വിദ്യാർഥികളും കുടുങ്ങി; 'പിടിയിലായത് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചവർ'


● നേരത്തെ മൂന്ന് പേർ കേസിൽ അറസ്റ്റിലായിരുന്നു
● ലഹരി വസ്തുക്കളുടെ ഉറവിടം അന്വേഷിക്കുന്നു.
● കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത.
കൊച്ചി: (KVARTHA) കളമശ്ശേരി ഗവൺമെൻ്റ് പോളിടെക്നിക് കോളജിലെ ലഹരിമരുന്ന് കേസിൽ രണ്ടു യുവാക്കളെക്കൂടി കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ആഷിഖ്, ഷാലിൻ എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇരുവരും കോളജിലെ പൂർവ വിദ്യാർത്ഥികളാണ്. വ്യാഴാഴ്ച രാത്രി കോളജ് കാമ്പസിലെ പെരിയാർ മെൻസ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ അവസാന വർഷ വിദ്യാർത്ഥിയായ കെഎസ്‌യു പ്രവർത്തകൻ ആകാശിന്റെ (21) പക്കൽ നിന്ന് പിടിച്ചെടുത്ത വലിയ അളവിലുള്ള കഞ്ചാവ് നൽകിയത് ഇവരാണെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
1.9 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ആകാശിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റൊരു മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമായി ആദിത്യൻ കെ സുനിൽ (20), ആർ അഭിരാജ് (21) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൂവരും അവസാനവർഷ വിദ്യാർഥികളാണ്. ആകാശിനെ അറസ്റ്റ് ചെയ്തതു മുതൽ ആഷിഖ് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ലഹരിവസ്തുവിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ മൂന്നുപേർക്കുമെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ജില്ലാ ആൻ്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്), കളമശ്ശേരി പൊലീസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവ് തൂക്കി പായ്ക്ക് ചെയ്യാനുള്ള ഇലക്ട്രോണിക്സ് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ, ഗർഭനിരോധ ഉറകൾ എന്നിവയും വിദ്യാർത്ഥികളുടെ മുറികളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Two former students were arrested in connection with the drug case at Kalamassery Government Polytechnic College. The arrest was made following the seizure of cannabis from the college hostel. Police are investigating the source of the drugs.
#KeralaDrugs, #KalamasseryPolytechnic, #DrugBust, #StudentArrest, #KeralaPolice, #Narcotics