ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ സർക്കാരിനും മന്ത്രിക്കും ഉത്തരവാദിത്തം: വി ഡി സതീശനെ തള്ളി കെ സുധാകരൻ

 
K Sudhakaran addressing media about Jyoti Malhotra visit
K Sudhakaran addressing media about Jyoti Malhotra visit

Photo Credit: Facebook/ Travel With Jo

● ടൂറിസം വകുപ്പ് എത്ര തുക നൽകിയെന്ന് വ്യക്തമാക്കണം.
● വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സുധാകരൻ ആവശ്യപ്പെട്ടു.
● മുൻ കേന്ദ്രമന്ത്രി വി. മുരളീധരനോടൊപ്പം ജ്യോതി ട്രെയിനിൽ യാത്ര ചെയ്തിരുന്നു.
● ജ്യോതിക്ക് മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് സഹായം ലഭിച്ചോ എന്നും പരിശോധിക്കണം.

കണ്ണൂർ: (KVARTHA) പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശന വിഷയത്തിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയോ സംസ്ഥാന സർക്കാരിനെയോ വിവാദത്തിലാക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവനയെ പരസ്യമായി തള്ളി കെ.പി.സി.സി. മുൻ അദ്ധ്യക്ഷനും എം.പി.യുമായ കെ. സുധാകരൻ. ജ്യോതി മൽഹോത്രയുടെ സന്ദർശനം സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്ന് സുധാകരൻ തുറന്നടിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി തന്ത്രപ്രധാന മേഖലകൾ സന്ദർശിച്ച് ജ്യോതി മൽഹോത്ര ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. തൃശൂർ കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ, അതിരപ്പിള്ളി എന്നിവിടങ്ങളിലും ജ്യോതി എത്തി. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വർക്കല, ജടായുപ്പാറ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ ആളുകൾ കൂട്ടമായി എത്തുന്ന എല്ലാ സ്ഥലങ്ങളിലും പാക്ക് ചാരയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇത് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നതാണ്.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനും സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭ്യന്തര ഇൻ്റലിജൻസ് വിഭാഗം എത്രത്തോളം പരാജയമാണെന്നതിൻ്റെ നേർസാക്ഷ്യം കൂടിയാണ് പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തിയുടെ രാജ്യം മുഴുവനുമുള്ള സ്വതന്ത്ര സഞ്ചാരം.

ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിൻ്റെ ക്ഷണപ്രകാരമാണ്. താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ. ഇവർക്ക് എത്ര തുക നൽകി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തെ ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ല. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയും പാക് ചാരയായ വിവാദ വ്ലോഗറുടെ പേരിലേക്ക് എത്താൻ ഉണ്ടായ സാഹചര്യം കേരള പൊതുസമൂഹത്തോട് വിശദീകരിക്കാൻ ടൂറിസം മന്ത്രി തയ്യാറാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

മുൻ കേന്ദ്രമന്ത്രി വി. മുരളീധരനോടൊപ്പം വന്ദേ ഭാരത് ട്രെയിനിൽ ഈ വിവാദ വ്ലോഗർ യാത്ര ചെയ്തിരുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നു. വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന പാസുകൾ ബി.ജെ.പി. ഓഫീസിൽനിന്ന് വിതരണം ചെയ്തു എന്ന ഗുരുതരമായ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ, ജ്യോതിയുടെ വിദേശയാത്രകൾക്ക് ഉൾപ്പെടെ വിദേശകാര്യമന്ത്രാലയത്തിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിവാദ വ്ലോഗർ സന്ദർശനം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാക്ക് ചാരയായ ജ്യോതി മൽഹോത്രയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടുണ്ടോ എന്നും വിശദമായി പരിശോധിക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: K. Sudhakaran blames government for alleged spy's Kerala visit.

#KeralaPolitics #KSudhakaran #JyotiMalhotra #SpyAllegations #KeralaTourism #InternalSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia