ജ്യോതി മൽഹോത്ര: കേരളം സന്ദർശിച്ചത് അറസ്റ്റിന് നാലു മാസം മുൻപ്; കുറ്റവാളിയാക്കുന്നത് ആരെ?


● റിയാസിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ നേതാക്കൾ.
● കേന്ദ്ര ഏജൻസികൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ല.
● മറ്റ് സംസ്ഥാനങ്ങളിലും ജ്യോതി മൽഹോത്ര വ്ലോഗുകൾ ചെയ്തിട്ടുണ്ട്.
● ടൂറിസം വകുപ്പ് മാർക്കറ്റിംഗ് ഏജൻസികൾ വഴിയാണ് വ്ലോഗർമാരെ തിരഞ്ഞെടുക്കുന്നത്.
● കേരള ടൂറിസത്തെ തകർക്കാനുള്ള രാഷ്ട്രീയ ശ്രമമെന്ന് ആരോപണം.
നവോദിത്ത് ബാബു
(KVARTHA) ചാരവനിതയായ ജ്യോതി മൽഹോത്രയുടെ കേരളത്തിലേക്കുള്ള വരവും പോക്കും ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രൊമോഷനുവേണ്ടി ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവെന്നാണ് പ്രധാന ആരോപണം.
ഈ വിഷയം ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയാക്കാൻ ബി.ജെ.പി. കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ബി.ജെ.പി. നേതാക്കളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. കേരളത്തിലെ യു.ഡി.എഫും ഈ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.
ഒരു പടികൂടി കടന്ന്, ബി.ജെ.പി. ദേശീയ നേതാക്കൾ ജ്യോതി മൽഹോത്ര വിഷയത്തിൽ മന്ത്രി റിയാസിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, വസ്തുതാപരമായി പരിശോധിക്കുമ്പോൾ, റിയാസിനെ വിമർശിക്കുന്നവർ ചില യുക്തിപരമായ കാര്യങ്ങൾ ഒളിച്ചുവെക്കുന്നതായി കാണാം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് കേരള ടൂറിസം പ്രചാരണം ശക്തിപ്പെടുത്തുക എന്നത് വളരെ നേരത്തെതന്നെ സംസ്ഥാനം നടപ്പിലാക്കുന്ന കാര്യമാണ്. റിയാസ് ടൂറിസം മന്ത്രിയാകുന്നതിന് മുമ്പ്, യു.ഡി.എഫ്. ഭരണകാലത്തും ഇത് നടന്നിട്ടുണ്ടെന്ന് ആർക്കും പരിശോധിച്ചാൽ വ്യക്തമാകും.
ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ കേരളത്തിൽ എത്തിക്കുകയും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കേരള ടൂറിസത്തിന് പ്രചാരണം സംഘടിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വ്യത്യസ്ത സമയങ്ങളിലായി ഇത്തരം ഇൻഫ്ലുവൻസർമാരെ കേരളത്തിൽ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഇത്തരത്തിൽ കേരളത്തിൽ വന്നിട്ടുണ്ട്.
ബ്ലോഗ് എക്സ്പ്രസ്, കേരളം കാണാം, മൈ ഫസ്റ്റ് ട്രിപ്പ്, ഹ്യൂമൺ ബൈ നേച്ചർ, ലാൻഡ് ഓഫ് ഹാർമണി തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെയാണ് ഇൻഫ്ലുവൻസർമാരെ കേരളത്തിൽ എത്തിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല്പതിലേറെ വ്ലോഗർമാർ കേരളത്തിൽ വരികയും, അവരുടെ വീഡിയോകളും ഫോട്ടോകളും വലിയ പ്രചാരം നേടുകയും കേരള ടൂറിസത്തിന് സഹായകരമാവുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് കൊണ്ടുവരുന്ന വ്ലോഗർമാരുടെ പട്ടിക മന്ത്രിയോ മന്ത്രി ഓഫീസോ കണ്ടു നടപ്പാക്കേണ്ടതല്ല. മുൻ ടൂറിസം മന്ത്രിമാരുടെ കാലഘട്ടത്തിലും അങ്ങനെ ഒരു രീതിയില്ലായിരുന്നു. ടൂറിസത്തിന്റെ പ്രചാരണത്തിനായി നേരത്തെതന്നെ എംപാനൽ ചെയ്ത മാർക്കറ്റിംഗ് ഏജൻസികളുണ്ട്.
അവർ സോഷ്യൽ മീഡിയയിൽ മികച്ച പ്രചാരമുള്ള വ്ലോഗർമാരെ തിരഞ്ഞെടുക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്. വ്ലോഗർമാർക്ക് സോഷ്യൽ മീഡിയയിലുള്ള സ്വീകാര്യതയും അവർക്ക് ടൂറിസം മേഖലയിൽ സമാനമായി ചെയ്ത പോസ്റ്റുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഈ മാർക്കറ്റിംഗ് ഏജൻസികൾ കേരളത്തിലേക്ക് വരാൻ താത്പര്യമുള്ളവരെ ബന്ധപ്പെടുകയും കേരളത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക. സ്വാഭാവികമായും അവരുടെ ചെലവുകളും മറ്റു കാര്യങ്ങളും ഇതിന്റെ ഭാഗമായി വഹിക്കേണ്ടി വരും.
ജ്യോതി മൽഹോത്ര ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ പ്രശസ്തയായ വ്ലോഗറാണ്. അവരുടെ യൂട്യൂബ് ചാനലായ 'ട്രാവൽ വിത്ത് ജോ'യ്ക്ക് 392K സബ്സ്ക്രൈബർമാരുണ്ട്. സോഷ്യൽ മീഡിയയിൽ താരമായിരുന്ന ഇൻഫ്ലുവൻസറാണ് ജ്യോതി മൽഹോത്ര.
അവരുടെ കണ്ടന്റുകൾക്ക് നല്ല റീച്ചും ഉണ്ടായിരുന്നു. അവർ മറ്റ് പല സംസ്ഥാനങ്ങൾക്കുവേണ്ടിയും ഇത്തരം കണ്ടന്റുകൾ ചെയ്തിട്ടുണ്ട്. അതെല്ലാം അവരുടെ യൂട്യൂബ് പേജിൽ ലഭ്യമാണ്. അവർ കേരളത്തിലേക്ക് വന്നത് 2025 ജനുവരി 15-നാണ്. ജനുവരി 21-ന് മടങ്ങുകയും ചെയ്തു.
ജ്യോതിയെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യുന്നത് 2025 മെയ് 17-നാണ്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷമാണ് ഇത് സംഭവിച്ചത്. അതായത്, അവർ കേരളത്തിൽ വന്ന് നാലു മാസം കഴിഞ്ഞാണ് ഈ അറസ്റ്റ് നടക്കുന്നത്.
ഈ കാര്യത്തിൽ പുകമറ സൃഷ്ടിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കരിവാരിത്തേക്കാനും കേരള ടൂറിസത്തെ തകർക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന ഇടതു സൈബർ പോരാളികൾ പറയുന്നത്.
ജ്യോതി മൽഹോത്ര ചാരവൃത്തി നടത്തുന്നുണ്ടോയെന്ന് പറയേണ്ടത് കേന്ദ്ര അന്വേഷണ ഏജൻസികളാണ്. 2025 ജനുവരി 15-നും ജനുവരി 21-നും ഈ വനിതക്കെതിരെ ചാരവൃത്തിക്കെതിരെ ഒരു കേസുണ്ടായിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട അങ്ങനെയൊരു കേസും അന്ന് നിലവിലുണ്ടായിരുന്നില്ല.
ഈ ചാരവനിത കേരളത്തിൽ വരുമ്പോൾ അവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് പൊതു ഇടങ്ങളിൽ നൽകിയിരുന്നില്ല. അവരുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം ആ ഘട്ടത്തിൽ നടത്തിയിട്ടുമില്ല.
കേന്ദ്ര ഏജൻസികൾ ഈ കാര്യത്തിൽ ആ സമയങ്ങളിൽ മൗനം പാലിക്കുകയായിരുന്നു. ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വരുന്നുവെന്ന് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ കേരള ടൂറിസത്തിന് ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല.
അതുവരെ ഒരു രാജ്യദ്രോഹ കേസോ, ഒരു മുന്നറിയിപ്പോ ഇല്ലാതിരുന്ന ഒരാൾ കേരളത്തിൽ വരുന്നതിന് ടൂറിസം വകുപ്പിനെ കുറ്റം പറയാനാകുമോ? മന്ത്രി മുഹമ്മദ് റിയാസിന് ഇതിൽ പ്രകടമായ ഒരു റോളുമില്ലെന്നാണ് മേൽ പറഞ്ഞ വസ്തുതകൾ തെളിയിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പോലും കണ്ടെത്താൻ കഴിയാതിരുന്ന വ്യക്തിയെക്കുറിച്ച് എങ്ങനെയാണ് കേരള ടൂറിസത്തിന് മുൻകൂട്ടി അറിയാൻ കഴിയുക? നാലു മാസത്തിന് ശേഷം അവർ അറസ്റ്റിലായതിന് കേരള ടൂറിസത്തെ പഴിചാരുന്നത് ആർക്കുവേണ്ടിയാണെന്ന് വിമർശകരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
ജ്യോതി മൽഹോത്ര സന്ദർശനം നടത്തി ബ്ലോഗ് ചെയ്ത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിവാദം കേരളത്തിൽ മാത്രം ഉയരുന്നത് സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇത്രയും കാലം നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് അയൽരാജ്യത്തിനായി ചാരപ്പണിയെടുത്ത ജ്യോതി മൽഹോത്രയെ തിരിച്ചറിയാൻ കഴിയാത്തത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്കുണ്ടായ വലിയ വീഴ്ചകളിലൊന്നാണ്.
പഹൽഗാം ഭീകരാക്രമണം വേണ്ടിവന്നു ഇവരുടെ തനിനിറം പുറത്തുവരാൻ. കേന്ദ്ര സർക്കാർ ഭരിക്കുന്ന ബി.ജെ.പിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടായിരിക്കെ, കേരള ടൂറിസത്തിനെതിരെയും മന്ത്രിക്കെതിരെയും അവരുടെ ദേശീയ-സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അപഹാസ്യമാണെന്നേ പറയാനാവൂ.
ജ്യോതി മൽഹോത്ര വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Spy vlogger Jyothi Malhotra's Kerala visit sparks political controversy.
#JyothiMalhotra #KeralaTourism #SpyVlogger #PoliticalControversy #MohammedRiyas #CentralAgencies