Superstition | കേരളം അന്ധവിശ്വാസ ക്രൂരതകളുടെ നാടോ? നെൻമാറ ഇരട്ടക്കൊലപാതകവും ചെന്താമരയും ഉയർത്തുന്ന ചോദ്യങ്ങൾ; രക്തക്കറയിൽ നാണം കെടുന്ന മലയാളിയുടെ പ്രബുദ്ധത

 
Chenthamara murder case, Kerala crime scene
Chenthamara murder case, Kerala crime scene

Representational Image Generated by Meta AI

● നെൻമാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസങ്ങള്‍ക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. 
● നന്തന്‍കോട്ടെ കൊലപാതകവും കട്ടപ്പനയിലെ ഇരട്ടക്കൊലപാതകവും സംഭവിച്ചതും ഇതേ കേരളത്തിലാണ്.
● ലോറി ഡ്രൈവറായ ചെന്താമര കൊടും കുറ്റവാളിയായതിന് പിന്നിൽ മനുഷ്യൻ്റെ കൺകെട്ടുന്ന അന്ധവിശ്വാസങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  

ഭാമനാവത്ത് 

പാലക്കാട്: (KVARTHA) നെന്മാറ ഇരട്ട കൊലപാതക കേസ് നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കേരളീയ സമൂഹം എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെടുന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമായി നെൻമാറയിൽ കൊലപാതക പരമ്പര നടത്തിയ ചെന്താമരയെന്ന മന:സാക്ഷിയില്ലാത്ത പ്രതി മാറിയിരിക്കുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളെ നാണിപ്പിക്കുന്ന വിധത്തിൽ കൂട്ടക്കൊലപാതകങ്ങൾ നടക്കുന്ന നാടായി നമ്മുടെ കൊച്ചു കേരളവും മാറി കഴിഞ്ഞിരിക്കുന്നു. 

കഴിഞ്ഞ കുറെക്കാലമായി ഈ പ്രബുദ്ധകേരളത്തിൽ നടക്കുന്ന കൊടും ക്രുരതകൾ മലയാളികൾക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്. നെൻമാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസങ്ങള്‍ക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ നാം അഭിമാനിക്കുമ്പോഴും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മനുഷ്യ ജീവനേക്കാള്‍ മുന്‍ഗണന നല്‍കുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. 

കേരളത്തിലെ മിക്ക അന്ധവിശ്വാസ കൊലപാതകങ്ങള്‍ക്കും ജോത്സ്യവും പ്രവചനങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ലായെന്ന് ഷാരോണ്‍ വധക്കേസിലും ചര്‍ച്ചയായതാണ്. 2022ല്‍ ഇലന്തൂര്‍ നരബലിക്കേസ് പുറത്തുവന്നപ്പോള്‍ ഞെട്ടിതരിച്ച് നിന്നവര്‍ പലരും ചോദിച്ചു നമ്മുടെ കേരളത്തിലോ ഇതു സംഭവിക്കുന്നതെന്ന്? അതെ നമ്മുടെ കേരളത്തില്‍ തന്നെയാണ് ഇത്തരം കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ നടക്കുന്നതെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും നാം തിരിച്ചറിയണം.

നന്തന്‍കോട്ടെ കൊലപാതകവും കട്ടപ്പനയിലെ ഇരട്ടക്കൊലപാതകവും സംഭവിച്ചതും ഇതേ കേരളത്തിലാണ്.
ലോറി ഡ്രൈവറായ ചെന്താമര കൊടും കുറ്റവാളിയായതിന് പിന്നിൽ മനുഷ്യൻ്റെ കൺകെട്ടുന്ന അന്ധവിശ്വാസങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. തൻ്റെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം വീടിന് സമീപം താമസിക്കുന്ന നീണ്ട മുടിയുള്ള ഒരു സ്ത്രീയാണെന്ന് ജ്യോതിഷന്‍ ചെന്താമരയോട് പറഞ്ഞിരുന്നു. ആ സ്ത്രീ അയൽവാസിയായ സുധാകരന്റെ ഭാര്യ സജിതയാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. 

ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാമാണെന്നാണ്, സജിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായപ്പോള്‍ ചെന്താമര പൊലീസിനോട് പറഞ്ഞത്. 2019ലായിരുന്നു ചെന്താമര സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിതയുടെ കൊലപാതകം നടന്ന ദിവസം സുധാകരന്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയായിരുന്നതിനാല്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു. വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ വെട്ടിയത്. 

കൊലപാതക ശേഷം ഇയാള്‍ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയില്‍ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ സെപ്തംബര്‍ മൂന്നിനാണ് ഇയാള്‍ പിടിയിലായത്. 2022 മെയ് മാസത്തിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് 2023 ല്‍ ഇത് നെന്മാറ പഞ്ചായത്ത് പരിധിയായി ജാമ്യ ഇളവ് ചുരുക്കി. 

എന്നാല്‍ ഉപാധി ലംഘിച്ച് ചെന്താമര പഞ്ചായത്തിലെത്തി താമസമാക്കിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ചെന്താമരയ്ക്ക് ഇരട്ട കൊലപാതകം നടത്താനുള്ള വഴിയൊരുക്കി. ഇയാളുടെ രീതികളും നീക്കങ്ങളുമൊക്കെ നിഗൂഢമാണെന്നും നാട്ടുകാര്‍ പറയുന്നു. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും അമ്മയേയും വകവരുത്തിയത്. മറ്റ് അയല്‍ക്കാര്‍ക്കും ചെന്താമര ഭീഷണിയുയര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തന്റെ കുടുംബം തകരാന്‍ അയല്‍പക്കത്തെ മറ്റ് പല സ്ത്രീകളും കാരണക്കാരാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. 

അയല്‍ക്കാരായ വേറെ രണ്ടു സ്ത്രീകളേയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. ചെന്താമരയെ ഭയന്നായിരുന്നു ജീവിച്ചതെന്നും ഒറ്റക്കായിരിക്കുമ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയമായിരുന്നുവെന്നും അയല്‍വാസികളായ സ്ത്രീകള്‍ പറയുന്നു. ചെന്താമരയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നും ആക്രമണ ഭീഷണി മുഴക്കുന്നെന്നും നാട്ടുകാര്‍ പൊലീസിനോടു പലവട്ടം പരാതിപ്പെട്ടിരുന്നു. അത് പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് വിമർശനമുണ്ട്. 

സുധാകരനും മകളും നല്‍കിയ പരാതി പൊലീസ് വേണ്ടത്ര ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ഇരട്ടക്കൊലപാതകം ഒഴിവാക്കാമായിരുവെന്നും നാട്ടുകാര്‍ പറയുന്നു. അന്ധവിശ്വാസം ഒരു മനുഷ്യനെ 'അന്ധനാക്കിയ' കാഴ്ചയാണ് നെന്മാറയില്‍ കണ്ടത്. മൂന്ന് ജീവനുകളാണ് നഷ്ടമായത്. ആദ്യ കൊലപാതകത്തിന് ശേഷവും പശ്ചാത്താപത്തിന്റെ യാതൊരു കൂസലും ചെന്താമരയില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 

പാലക്കാടിനെ മാത്രമല്ല കേരളത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ് നെൻമാറയിലെ കൊലപാതകം. കേരളത്തിലെ ഗ്രാമങ്ങൾ നന്മയുടെ പ്രതീകങ്ങളായാണ് പൊതുവെ ചിത്രീകരിക്കപ്പെടാറുള്ളത്. സാംസ്കാരിക സവിശേഷതകളും കാർഷിക സംസ്കൃതിയും ദേശാചാരങ്ങളുമുള്ള ഗ്രാമങ്ങൾ നഗരങ്ങളെപ്പോലെ ചോരപ്പുഴ ഒഴുക്കുകയാണിന്ന്. അപരൻ്റെ ശബ്ദം സംഗീതമായിരുന്ന ഒരു കാലത്ത് നിന്നും അപരൻ്റെ നിലവിളിയിൽ ആത്മ സുഖം അനുഭവിക്കുന്ന ക്രൂരതകളുടെ നാടായി കേരളം മാറുകയാണോ?

ഈ വാർത്ത ഷെയർ ചെയ്യാനും  അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Kerala's deep-rooted superstition is reflected in recent brutal crimes, such as the Nenmmara double murder by Chenthamara, fueled by blind beliefs and unaddressed psychological issues.

#KeralaCrime #Superstition #ChenthamaraMurder #CrimeNews #KeralaNews #Brutality

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia