ഇരിട്ടിയിൽ ആഡംബര കാറിൽ മയക്കുമരുന്ന് കടത്ത്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ


● ബംഗളൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചതാണ്.
● പ്രതി മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി.
● ഇയാൾക്കെതിരെ മുൻപും കേസുകളുണ്ട്.
● പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര മേഖലയായ ഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറിൽ കടത്തുകയായിരുന്ന 15.66 ഗ്രാം എം.ഡി.എം.എയും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
എക്സൈസ് കമ്മിഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗമായ പി. ജലീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ നുച്യാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പി. മുബഷിർ (31) ആണ് അറസ്റ്റിലായത്. ഇയാൾ ബംഗളൂരിൽനിന്ന് കടത്തിക്കൊണ്ടുവന്ന കെ.എ. 05 എൻ.എൽ. 8248 നമ്പർ ആഡംബര കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് കമ്മിഷണർ സ്പെഷ്യൽ സ്ക്വാഡ് ഉത്തരമേഖലയുടെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെയും കേരള എ.ടി.എസ്സിൻ്റെയും നിർദേശങ്ങളും സഹായവും പ്രതിയെ പിടികൂടുന്നതിന് നിർണായകമായി.
മുബഷിർ എം.ഡി.എം.എ വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രതി നാട്ടിലെത്തിയത്.
ബംഗളൂരിൽനിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ പാക്കറ്റുകളിലാക്കി വിൽപന നടത്തുകയാണ് ഇയാളുടെ രീതി. ഇയാളിൽനിന്ന് നിരവധിപേർ ലഹരിവസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നുണ്ടെന്നും എക്സൈസ് അറിയിച്ചു.
അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, കെ. ഉമേഷ്, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, പി.വി. ഗണേഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. സീമ, അസിസ്റ്റൻ്റ് എക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾ മയക്കുമരുന്ന് കേസുകളിലടക്കം പ്രതിയാണ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത്ത് കുമാർ, സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൽ അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർനടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
ഇരിട്ടിയിൽ നടന്ന മയക്കുമരുന്ന് വേട്ടയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A man was arrested with drugs in a car in Iritty, Kannur.
#Iritty #Kannur #DrugSmuggling #MDMA #Kerala #CrimeNews