Shot Dead | സ്വീഡനിൽ ഖുർആൻ കത്തിച്ച് വിവാദം സൃഷ്ടിച്ച യുവാവ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്; ആരായിരുന്നു സൽവാൻ മോമിക?


● ഖുർആൻ കത്തിച്ച സംഭവം വലിയ വിവാദമായിരുന്നു.
● മുസ്ലീം രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
● ഇറാഖിൽ നിന്നും സ്വീഡനിലേക്ക് കുടിയേറിയ ആളാണ് കൊല്ലപ്പെട്ട മോമിക.
ഓസ്‌ലോ: (KVARTHA) സ്വീഡനിൽ പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിയ്ക്ക് മുന്നിൽ വെച്ച് വിശുദ്ധ ഖുർആൻ കത്തിച്ച് വിവാദം സൃഷ്‌ടിച്ച ഇറാഖി അഭയാർഥിയായ സൽവാൻ മോമിക (38) വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. സ്റ്റോക്ക്ഹോം ജില്ലാ കോടതി വ്യാഴാഴ്ച പുറപ്പെടുവിക്കാനിരുന്ന വിധി മാറ്റിവെച്ചതിനു പിന്നാലെയാണ് മരണം. ബുധനാഴ്ച രാത്രി സോഡെർട്ടാൽജെയിലെ ഹോവ്‌സ്‌ജോയിലുള്ള വീട്ടിൽ വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാദമായ ഖുർആൻ കത്തിക്കൽ
2023 ജൂൺ ഒന്നിനാണ് ഈദ് അൽ-അദ്ഹ ദിനത്തിൽ ഖുർആൻ അഗ്നിക്കിരയാക്കിയ സംഭവം നടന്നത്. സ്റ്റോക്ക്ഹോമിലെ ഒരു പള്ളിക്ക് മുന്നിൽവച്ച് സൽവാൻ മോമിക വിശുദ്ധ ഖുർആൻ കത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇയാൾ തന്റെ പ്രതിഷേധം പ്രചരിപ്പിക്കുകയും ചെയ്തു. മുസ്ലിം പള്ളിക്ക് മുന്നിൽ പ്രതിഷേധിക്കാൻ സ്വീഡിഷ് പൊലീസ് സൽവാൻ മോമികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുർആൻ്റെ പേജുകൾ കീറി തീയിട്ടത്.
സംഭവം വലിയ വിവാദമാവുകയും നിരവധി രാജ്യങ്ങൾ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ അപലപിച്ച് സ്വീഡിഷ് സർക്കാരും രംഗത്തെത്തുകയുമുണ്ടായി. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സർക്കാർ പ്രതികരിച്ചത്. തൻ്റെ പ്രതിഷേധങ്ങൾ ഇസ്ലാം മതത്തിനെതിരായിരുന്നു, മുസ്ലീംങ്ങൾക്കെതിരല്ലെന്നും ഖുർആനിലെ സന്ദേശങ്ങളിൽ നിന്ന് സ്വീഡൻ ജനതയെ സംരക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സംഭവത്തിൽ മൊമിക കോടതിയിൽ വാദിച്ചിരുന്നു.
നിയമനടപടികളും നാടുകടത്തലും
അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി സ്വീഡിഷ് പൊലീസ് സൽവാൻ മോമികയ്ക്ക് പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയെങ്കിലും, കേസുകൾ ചുമത്തിയിരുന്നു. ഖുർആൻ കത്തിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെക്കുറിച്ച് സ്റ്റോക്ക്ഹോം കോടതിയിൽ സൽവാൻ മൊമികയ്ക്കും കൂട്ടുപ്രതിക്കുമെതിരെ വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിന് കുറ്റം ചുമത്തപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ ഇതിൻ്റെ വിധി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 2023-ൽ മൊമികയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സ്വീഡിഷ് അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഇറാഖിൽ ഭീഷണികളുള്ളതിനാൽ, നാടുകടത്തൽ നടപ്പിലാക്കിയില്ല. 2024 ഏപ്രിൽ വരെ കാലാവധിയുള്ള പുതിയ താൽക്കാലിക താമസ പെർമിറ്റ് യുവാവിന് ലഭിച്ചിരുന്നു.
ആരാണ് സൽവാൻ മോമിക?
ഇറാഖിലെ നൈനെവേ പ്രവിശ്യയിലെ ഖരാഖോഷിലെ അൽ-ഹംദാനിയ ജില്ലയിൽ നിന്നുള്ള സൽവാൻ മൊമിക അസീറിയൻ കത്തോലിക്കാ വിശ്വാസിയായാണ് വളർന്നത്. 2006-2008 ലെ ആഭ്യന്തര യുദ്ധത്തിൽ അസീറിയൻ പാർട്ടിയിൽ ചേരുകയും മൊസൂളിലെ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2014 ജൂണിൽ, ദാഇശ് മൊസൂൾ പിടിച്ചെടുത്തതിനെ തുടർന്ന്, സൽവാൻ മൊമിക അതിനെതിരെ പോരാടാൻ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സുകളുടെ (പിഎംഎഫ്) ഭാഗമായി. ക്രിസ്ത്യൻ വിശ്വാസിയെന്ന നിലയിൽ സൈനിക വസ്ത്രം ധരിച്ചും, ആയുധങ്ങൾ കൈവശം വെച്ചും, ഇറാഖിലെ ഇസ്ലാമിക് മൂവ്‌മെൻ്റിൻ്റെ സൈനിക വിഭാഗമായ ഇമാം അലി ബ്രിഗേഡിനോട് കൂറ് പ്രഖ്യാപിക്കുന്ന വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വീഡനിലേക്കുള്ള പലായനം
2017-ൽ മൊമിക ഷെൻഗൻ വിസയിൽ ജർമ്മനിയിലേക്ക് പലായനം ചെയ്തു. അവിടെ വെച്ച് പരസ്യമായി ക്രിസ്തുമതം ഉപേക്ഷിക്കുകയും നിരീശ്വരവാദം പ്രഖ്യാപിക്കുകയും ചെയ്തു. 2018 ഏപ്രിലിൽ സ്വീഡനിൽ അഭയം തേടുകയും ഇറാഖി അഭയാർത്ഥിയായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട്, 2021 ഏപ്രിലിൽ, 2024 ഏപ്രിൽ വരെ കാലാവധിയുള്ള മൂന്ന് വർഷത്തെ താൽക്കാലിക താമസ പെർമിറ്റ് നേടി. സ്വീഡനിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് എംപി റോബർട്ട് ഹാലെഫിനൊപ്പമടക്കം മോമിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട്, റിക്സ്ഡാഗിൽ സ്വീഡൻ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിക്കാനും താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
Salwan Momika, an Iraqi refugee who sparked outrage by burning a Quran in Sweden, has been found dead with gunshot wounds. The incident occurred shortly after a court postponed his verdict.
#QuranBurning #Sweden #SalwanMomika #HateCrime #InternationalOutrage #ReligiousFreedom