Death Investigation | സഹപാഠികൾ, പ്രണയം; ഇന്ദുജയുടെ മരണത്തിൽ സംഭവിച്ചതെന്ത്? കൂടുതൽ വിവരങ്ങൾ പുറത്ത്
● ഡിസംബർ ആറിന് ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിയായ ഇന്ദുജയെ പാലോടുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
● അന്ന് വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
● ഇന്ദുജയും അഭിജിത്തും അജാസും സഹപാഠികളായിരുന്നു. ഒരുമിച്ച് പഠനം പൂർത്തിയാക്കിയവരാണ് ഇവർ.
തിരുവനന്തപുരം: (KVARTHA) പാലോട് ഭര്‍തൃ ഗൃഹത്തില്‍ നവവധു ഇന്ദുജയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത് ദേവൻ (25), സുഹൃത്ത് അജാസ് (26) എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് കേസിൽ നിർണായകമായ ചില വിവരങ്ങൾ പുറത്തുവന്നത്. ഇന്ദുജ സ്വന്തം വീട്ടിൽ പോകുന്നത് പോലും അഭിജിത്തിൻറെ അമ്മ വിലക്കിയിരുന്നുവെന്ന് പിതാവ് ശശിധരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
'ഫോൺ പിടിച്ചെടുത്തതും മർദനവും'
'കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ഇന്ദുജ മറ്റൊരു യുവാവുമായി ഫോണിൽ സംസാരിക്കുന്നതായി കണ്ടെത്തി. ഇത് അജാസിനെ പ്രകോപിപ്പിച്ചു. തുടർന്ന് അദ്ദേഹം ഇന്ദുജയുടെ ഫോൺ പിടിച്ചെടുത്തു. ഈ സംഭവം അഭിജിത്തിനെ അറിയിച്ച അജാസ്, ഇന്ദുജയെ കാറിൽ കയറ്റി ശംഖുമുഖത്ത് കൊണ്ടുപോയി മർദിച്ചു. രാത്രിയിൽ ഇന്ദുജയെ വീട്ടിൽ തിരിച്ചെത്തിച്ചു. പിറ്റേദിവസം രാവിലെ അജാസിനെ വിളിച്ച് ഇന്ദുജ താൻ ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു', പൊലീസ് പറയുന്നു.
ഡിസംബർ ആറിന് ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിയായ ഇന്ദുജയെ പാലോടുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടത്. അന്ന് വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടനെ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സഹപാഠികൾ, പ്രണയം
മരണത്തിന് മുമ്പ് കുടുംബാംഗങ്ങളെ വിളിച്ച് ഭർതൃഗൃഹത്തിൽ തനിക്ക് മാനസികവും ശാരീരികവുമായ പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ഇന്ദുജ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്ദുജയും അഭിജിത്തും അജാസും സഹപാഠികളായിരുന്നു. ഒരുമിച്ച് പഠനം പൂർത്തിയാക്കിയവരാണ് ഇവർ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. എന്നാൽ, ഇന്ദുജയെ അഭിജിത്തിന്റെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ഇവരുടെ വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അന്വേഷണം ഊർജിതം
അജാസ് ഇന്ദുജയെ മർദിച്ചത് അഭിജിത്തിന്റെ അറിവോടെയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി ഇന്ദുജയെ പീഡിപ്പിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിൽ അറസ്റ്റിലായ അഭിജിത്തും അജാസും റിമാൻഡിലാണ്.
അഭിജിത്തിന്റെയും അജാസിന്റെയും പേരിൽ ഭർതൃപീഡനം, ശാരീരിക പീഡനം, ആയുധം ഉപയോഗിച്ചുള്ള മർദനം, തെറ്റിധാരണ ജനിപ്പിക്കൽ, ഗൂഢാലോചന, മാനസിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അജാസിൻ്റെ പേരിൽ എസ്‌സി, എസ്‌ടി പീഡനം കൂടി ചേർത്തിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയശേഷം അഭിജിത്തിന്റെ കുടുംബത്തെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
#IndujaDeath #DomesticAbuse #CrimeInvestigation #Suicide #KeralaNews #Arrests