Corruption | 'കൃഷിക്കായി പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങളുടെ കരിങ്കല്ല് പൊട്ടിച്ച് കടത്തിയിട്ടും അധികൃതർ അറിഞ്ഞില്ല'
ഒടുവിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതോടെ ജിയോളജി, റവന്യു വകുപ്പുകൾ തിടുക്കപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി തലയൂരി
വണ്ടന്മേട്: (KVARTHA) ഏലം കൃഷിക്കായി പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങളുടെ കരിങ്കല്ല് പൊട്ടിച്ച് കടത്തിയിട്ടും അധികൃതർ അറിഞ്ഞില്ലെന്ന് ഗുരുതര ആരോപണം. കട്ടപ്പന, വണ്ടന്മേട് വില്ലേജുകളിൽ ഉൾപ്പെട്ടു വരുന്ന കറുവാകുളത്താണ് സർക്കാർ ഭൂമിയിൽ നിന്നും മാസങ്ങളോളം വൻ തോതിൽ പാറ പൊട്ടിച്ച് കടത്തിയതെന്നാണ് പരാതി.
രാത്രി, പകൽ ഭേദമില്ലാതെ ഖനനം നിർബാധം തുടർന്നെങ്കിലും ബന്ധപ്പെട്ടവർ കണ്ട ഭാവം നടിച്ചില്ലെന്നാണ് ആക്ഷേപം. ഒടുവിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്കിയതോടെ ജിയോളജി, റവന്യു വകുപ്പുകൾ തിടുക്കപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകി തലയൂരി. കഴിഞ്ഞ ഏഴ് മാസമായി വലിയ തോതിൽ ക്വാറി പ്രവർത്തിച്ചിരുന്നുവെന്നും ഇവിടെ നിന്നും ധാതുകൾ രാത്രികാലങ്ങളിലായിരുന്നു കടത്തിയിരുന്നതെന്നുമാണ് പരാതി.
ഏതാനും മാസം മുമ്പ് മതിയായ രേഖകളില്ലാതെ കടത്തിയ കല്ലും വാഹനവും കട്ടപ്പനയിൽ ജിയോളജി അധികൃതർ പിടികൂടിയിരുന്നു. ഉന്നത ഇടപെടലുകളെ തുടർന്ന് നടപടിയെടുക്കാതെ വാഹനവും കല്ലും അധികൃതർക്ക് വിട്ടു നൽകേണ്ടി വന്നതായും പറയുന്നു. ഏലം കൃഷിക്കായി തമിഴ്നാട് സ്വദേശിനി സർക്കാരിൽ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്വാറി പ്രവർത്തിച്ചിരുന്നത്.
ആദ്യ കാലത്ത് വണ്ടന്മേട് വില്ലേജ് പരിധിയിലായിരുന്നു ക്വാറിയുടെ പ്രവർത്തനം. കുത്തക പാട്ട ഭൂമിയിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതായി വിവരം ലഭിച്ചതോടെ വണ്ടന്മേട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നല്കി. ഇതോടെ ഉൾവലിഞ്ഞ സംഘം ഏതാനും നാളുകൾക്ക് ശേഷം കട്ടപ്പന വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലത്ത് വീണ്ടും ഖനനം ആരംഭിക്കുകയായിരുന്നു.
എന്നാൽ രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി സന്തോഷ് കുമാർ അനധികൃത ഖനനം സംബന്ധിച്ച് നല്കിയ റിപ്പോർട്ടിനെ തുടർന്ന് ജിയോളജി വകുപ്പ് കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തി പൊട്ടിച്ച് കടത്തിയ പാറയുടെ അളവ് തിട്ടപ്പെടുത്തിയിരുന്നു. ഖനനം നടത്തിയ സ്ഥലത്തിൻ്റെ സ്ക്വെച്ചും സർവേ നമ്പരും ആവശ്യപ്പെട്ട് ജിയോളജിസ്റ്റ് കട്ടപ്പന വില്ലേജ് ഓഫീസർക്ക് കത്ത് നല്കിയപ്പോൾ മാത്രമാണ് തങ്ങളുടെ പരിധിയിലെ അനധികൃത ഖനനം വില്ലേജ് അധികൃതർ അറിയുന്നത്.
ഉൾപ്രദേശമായതിനാൽ തങ്ങൾ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന വിചിത്രമായ മറുപടിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വില്ലേജ് ഓഫീസർ നല്കുന്നത്. സർക്കാർ ഭൂമികളിലെ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന് മൂന്ന് മാസത്തിലൊരിക്കൽ വില്ലേജ് അധികൃതർ സർക്കാർ ഭൂമിയുടെ സർവെ അടയാളങ്ങൾ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത്തരം പരിശോധനകൾ ഇല്ലാത്തതും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നുവെന്നാണ് ആക്ഷേപം.
#illegalquarrying #kerala #corruption #environment #vandanmedu #investigation