ഇടുക്കിയിൽ ഭൂമി തരംമാറ്റത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: ഹൈകോടതിയുടെ പേരിൽ കർഷകരെ കബളിപ്പിക്കുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോടതി ചെലവുകൾക്കായി അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും വാങ്ങുന്നത്.
● കോടതി ഉത്തരവ് എന്ന പേരിൽ അപേക്ഷ പുനഃപരിശോധിക്കാനുള്ള നിർദ്ദേശം നൽകി കർഷകരെ കബളിപ്പിക്കുന്നു.
● നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം അപേക്ഷകളും വീണ്ടും നിരസിക്കപ്പെടുന്നു.
● ഭൂമി തരംമാറ്റം പൂർണ്ണമായും ഭരണപരമായ നടപടിയാണെന്ന് റവന്യൂ അധികൃതർ.
● വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് റവന്യൂ വകുപ്പിന്റെ കർശന മുന്നറിയിപ്പ്.
അജോ കുറ്റിക്കൻ
തൊടുപുഴ: (KVARTHA) ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളും തരംമാറ്റ പ്രതിസന്ധികളും മുതലെടുത്ത് ജില്ല കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് ശൃംഖല സജീവമാകുന്നു. റവന്യൂ അധികൃതർ നിയമപരമായി നിരസിച്ച അപേക്ഷകൾ പോലും ഹൈകോടതി വഴി അനുകൂലമാക്കിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഭൂവുടമകളിൽ നിന്ന് ഇത്തരം സംഘങ്ങൾ ലക്ഷങ്ങൾ തട്ടുന്നത്.
വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് നൂറുകണക്കിന് ഏജന്റുമാരാണ് ഈ തട്ടിപ്പ് ശൃംഖലയിലുള്ളത്. 'ലാൻഡ് കൺസൾട്ടൻസി', 'റവന്യൂ ലീഗൽ സർവീസ്' തുടങ്ങിയ ആകർഷകമായ പേരുകളിൽ നഗരങ്ങളിൽ ഹൈടെക് ഓഫീസുകൾ തുറന്നാണ് തട്ടിപ്പിന്റെ തുടക്കം.
തോട്ടം, നിലം എന്നിങ്ങനെയുള്ള ഭൂമി തരംമാറ്റിക്കിട്ടാൻ വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരായ കർഷകരെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. റവന്യൂ ഓഫീസുകളിൽ നിന്ന് നിരസിക്കപ്പെട്ട അപേക്ഷകളുടെ വിവരങ്ങൾ ചോർത്തിയെടുത്ത് ഏജന്റുമാർ നേരിട്ട് കർഷകരെ സമീപിക്കുന്ന രീതിയാണ് ജില്ലയിൽ വ്യാപകമായി കണ്ടുവരുന്നത്.
റവന്യൂ വകുപ്പ് നിരസിച്ച ഫയലുകൾ കോടതിയിലെത്തിച്ചാൽ അനുകൂല വിധി വാങ്ങി നൽകാം എന്നതാണ് ഇവരുടെ പ്രധാന വാഗ്ദാനം. ഇതിനായി റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് ഇടനിലക്കാരുമുണ്ട്. ഇത്തരം ഓഫീസുകളുടെ പരിസരത്ത് പരസ്യബോർഡുകൾ സ്ഥാപിച്ചും ഇവർ ആളെ വീഴ്ത്തുന്നുണ്ട്. കോടതി ചെലവുകൾക്കും മുതിർന്ന അഭിഭാഷകർക്കുമായി അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും മുൻകൂറായി വാങ്ങുന്നത്.

കോടതിയിൽ ഹർജി നൽകുമെങ്കിലും മിക്കവാറും അപേക്ഷ വീണ്ടും പുനഃപരിശോധിക്കാൻ മാത്രമാണ് കോടതി നിർദ്ദേശിക്കാറുള്ളത്. ഇത് തങ്ങൾക്ക് ലഭിച്ച അനുകൂല വിധിയാണെന്ന് കർഷകരെ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടുന്നത്. കോടതി ഉത്തരവുമായി റവന്യൂ ഉദ്യോഗസ്ഥർ വീണ്ടും സ്ഥലപരിശോധന നടത്തുമ്പോൾ, ഭൂമിയുടെ പഴയ സാഹചര്യം തന്നെ നിലനിൽക്കുന്നതിനാൽ അപേക്ഷ രണ്ടാമതും നിരസിക്കപ്പെടും.
ഫലത്തിൽ വലിയ തുക നഷ്ടപ്പെടുന്നതല്ലാതെ ഭൂവുടമയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമികളുടെ കാര്യത്തിൽ കോടതികൾ കർശന നിലപാടാണ് സ്വീകരിക്കുന്നത് എന്ന വസ്തുത മറച്ചുവെച്ചാണ് ഈ ചൂഷണം നടക്കുന്നത്.
ഭൂമി തരംമാറ്റം പൂർണ്ണമായും ഭരണപരമായ നടപടിയാണെന്നും അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും റവന്യൂ അധികൃതർ വ്യക്തമാക്കുന്നു. ഇടുക്കി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഇത്തരം ഏജന്റുമാർ തമ്പടിച്ചിട്ടുള്ളതിനാൽ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഭൂമി തരംമാറ്റ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Fraudulent network in Idukki cheating farmers over land conversion issues using fake court order claims.
#Idukki #LandFraud #Farmers #KeralaRevenue #HighCourt #Alert
