Murder Case | വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കണ്ണൂരില്‍ അറസ്റ്റില്‍


● കുടുങ്ങിയത് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍.
● വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
● ദിവ്യശ്രീയുടെ പിതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
കണ്ണൂര്‍: (KVARTHA) കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കണ്ണൂര്‍ നഗരത്തിനടുത്ത പുതിയ തെരുവില്‍ വെച്ചാണ് പ്രതിയായ രാജേഷിനെ (33)വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ വളപട്ടണം പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പലിയേരി ദിവ്യശ്രീയെ (30) ആണ് പ്രതിയായ ഭര്‍ത്താവ് രാജേഷ് കൊടുവാള്‍ കൊണ്ട് വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിനും കൈകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ദിവ്യശ്രീ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
മകളെ അക്രമിക്കുന്നത് തടഞ്ഞ ദിവ്യശ്രിയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു. ഇദ്ദേഹം കണ്ണൂര്‍ ചാലയിലെ ബി എം എച്ച് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടില്‍ എത്തിയത്.
വ്യാഴാഴ്ച കണ്ണൂര്‍ കുടുംബ കോടതി ദിവ്യശ്രീയുടെയും രാജേഷിന്റെയും വിവാഹമോചന കേസ് പരിഗണിച്ചിരുന്നു. വിവാഹമോചന കേസ് നല്‍കിയതിനെ തുടര്‍ന്ന് നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്. കുടുംബ കോടതിയില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷമാണ് രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ ഒരു കുപ്പി പെട്രോളും കൊടുവാളുമായി ബൈക്കിലെത്തിയത്.
വീട്ടില്‍ കയറിയ ഉടന്‍ തന്നെ ഇയാള്‍ ദിവ്യശ്രീയെ ആക്രമിക്കുകയായിരുന്നു. പ്രണയ വിവാഹിതരാണ് രാജേഷും ദിവ്യശ്രീയും. മിലിറ്ററി ഇന്റലിജന്‍സ് സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദിവ്യശ്രീയുടെ പിതാവ് വാസു. പരേതയായ മുന്‍ ജില്ലാ നഴ്‌സിങ് ഓഫീസര്‍ പാറുവാണ് ദിവ്യശ്രിയുടെ മാതാവ്.
ചെറുപുഴ എസ് ബി ഐ ജീവനക്കാരിയായ പ്രബിതയാണ് സഹോദരി. രാജേഷ് - ദിവ്യശ്രീ ദമ്പതികള്‍ക്ക് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഒരു മകന്‍ ഉണ്ട്.
#KannurMurder #KeralaNews #DomesticViolence #PoliceOfficerMurder #CrimeNews #FamilyDispute