Allegation | ഭാര്യ ഗർഭിണിയായില്ല, പരിശോധന നടത്തിയപ്പോൾ റിപ്പോർട്ട് കണ്ട് ഭർത്താവ് ഞെട്ടി; പിന്നാലെ പൊലീസ് കേസും


ഭർത്താവ് വിവാഹമോചനവും ആവശ്യപ്പെട്ടിരിക്കുകയാണ്. തൻ്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചു
അഹ്‌മദാബാദ്: (KVARTHA) ഭാര്യ തന്നെ വഞ്ചിച്ചു എന്നാരോപിച്ച് പരാതി നൽകി ഭർത്താവ്. ഭാര്യ പ്രായം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തെന്നാണ് ഭർത്താവിന്റെ ആരോപണം. ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. തൻ്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചു. ഗുജറാത്തിലെ സർഖേജ് ഏരിയയിൽ നിന്നാണ് കേസ്.
സർഖേജ് സ്വദേശിയായ 34 കാരനായ യുവാവാണ് പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് പാലനൂർ സ്വദേശിയായ '32 കാരിയായ' യുവതിയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹ ശേഷം കുട്ടിയുണ്ടാകാത്തതിനെ തുടർന്ന് സംശയം തോന്നിയ ഭർത്താവ് ഭാര്യയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഭാര്യയുടെ പ്രായം 40 നും 42 നും ഇടയിലാണെന്നും അതിനാൽ സ്വാഭാവികമായി ഗർഭം ധരിക്കാൻ പ്രയാസമാണെന്നും ഡോക്ടർ പറഞ്ഞു.
ഭർത്താവ് ജുഹാപുരയിലെ മറ്റൊരു ഡോക്ടറെ കണ്ടും റിപ്പോർട്ട് തേടി. ആ ഡോക്ടറും അതേ കാര്യം പറഞ്ഞു. ഭർത്താവ് വീട്ടിലെത്തി ഭാര്യയോട് ഇക്കാര്യം ചോദിച്ചു. ആദ്യം അവൾ ഒഴിഞ്ഞുമാറി. പിന്നീട് കുടുംബത്തോട് കള്ളം പറഞ്ഞാണ് വിവാഹം ചെയ്തതെന്ന് സമ്മതിച്ചു. ഭാര്യ ക്ഷമയും ചോദിച്ചു. പക്ഷേ ഭർത്താവ് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ വഞ്ചനക്കുറ്റം ചുമത്തി പരാതി നൽകുകയായിരുന്നു.
ഭാര്യയും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചെന്നാണ് ഭർത്താവിന്റെ ആരോപണം. ഭാര്യയുടെ ജനനത്തീയതി മാറ്റിയതായും ഭർത്താവ് പറയുന്നു. വിവാഹ ശേഷം വീട്ടിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ ഭാര്യ മോഷ്ടിച്ചു കൊണ്ടുപോയെന്നും ഭർത്താവ് പരാതിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു.