Cyber ​​Fraud | കംമ്പോഡിയയിലെ 'സൈബര്‍ അടിമ ക്യാമ്പുകൾ'; അരങ്ങേറുന്നത് ഞെട്ടിക്കുന്ന ക്രൂരതകൾ; 
മലയാളി യുവാക്കൾ രക്ഷപ്പെട്ടതെങ്ങനെ?

 
Cyber ​​Fraud
Cyber ​​Fraud

Image Generated by: Meta AI

* കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം
* കമ്പോഡിയയിലെ ക്യാമ്പില്‍ നൂറുകണക്കിന് മലയാളികള്‍

തിരുവനന്തപുരം: (KVARTHA) കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് (Unemployment rate) ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. യുവാക്കള്‍ തൊഴില്‍ തേടി വിദേശങ്ങളിലേക്ക് (Abroad) പറക്കുന്നു. മതിയായ തൊഴില്‍ സുരക്ഷയോ, ശമ്പളമോ ലഭിക്കാതെ പലരും നരകയാതന അനുഭവിക്കുകയാണ്. ജീവിതമാര്‍ഗം തേടി കമ്പോടിയയിലേക്ക് (Cambodia) പോയി വഞ്ചിതനായ അഭി (യഥാര്‍ത്ഥ പേരല്ല) എന്ന യുവാവിന്റെ അനുഭവങ്ങള്‍ കേട്ടാല്‍ നമ്മുടെ ഭരണകൂടം എത്രത്തോളം പരാജയമാണെന്നും യുവാക്കളോട് യാതൊരു ഉത്തരവാദിത്തം ഇല്ലാത്തവരാണെന്നും മനസ്സിലാകും. 

Cyber ​​Fraud

മലയാളി ഏജന്റിന് വലിയ  ഫീസ് നല്‍കിയാണ് അഭി വിസ (Visa) സമ്പാദിച്ചത്. അവിടെ ചെന്നപ്പോഴാണ് ഏജന്റ് പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നെന്ന് മനസിലായത്. കേന്ദ്രസര്‍ക്കാര്‍ (Central Government) അടുത്തിടെ പുറത്തുവിട്ട തൊഴില്‍ സര്‍വേ പ്രകാരം, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ കേരളത്തിലാണ്, 28.7 ശതമാനം, ദേശീയ ശരാശരി 10 ശതമാനമാണ്.

ഹോട്ടല്‍ മാനേജ്മെന്റ് (Hotel Management) പഠിച്ച അഭി കേരളത്തില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയാണ് കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഒരു റിക്രൂട്ട്മെന്റ് ഏജന്റുമായി  ബന്ധപ്പെട്ടത്. വിസയ്ക്ക് 3.8 ലക്ഷം രൂപ നല്‍കി. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് സൈബര്‍ ക്യാമ്പില്‍ അടിമകളെ പോലെ പണിയെടുക്കാനാണ് വിധിയെന്ന്. അഭിയെ ആദ്യം സിംഗപ്പൂരിലേക്കാണ് അയച്ചതെങ്കിലും എയര്‍പോര്‍ട്ട് അധികൃതര്‍ കംബോഡിയയിലേക്കുള്ള യാത്ര നിഷേധിച്ചതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ഏജന്റ് അവനെ വീണ്ടും സിംഗപ്പൂരിലേക്ക് അയച്ചു. 

രണ്ടാംതവണ സിംഗപ്പൂര്‍ യാത്രാനുമതി നല്‍കി. കമ്പോഡിയയിലെ  സൈബര്‍ ക്യാമ്പ് (Cyber Camp) ഇന്ത്യക്കാരും ചൈനക്കാരും ആണ് നിയന്ത്രിച്ചിരുന്നത്. ഇന്ത്യന്‍ യുവതികളുടെ വ്യാജ സോഷ്യല്‍ മീഡിയ (Social Media) പ്രൊഫൈലുകളും ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നിറച്ച സ്മാര്‍ട് ഫോണും അഭിക്ക് നല്‍കി. യുവതിയുടെ വ്യാജ പ്രൊഫൈലിലൂടെ (Profile) ഇന്ത്യയിലെ യുവാക്കളെ വലയിലാക്കുകയായിരുന്നു ദൗത്യം. അങ്ങനെ കേരളത്തിലുള്ള പല പുരുഷന്മാരുമായി ചാറ്റിലേര്‍പ്പെട്ടു. അവരുമായി അടുത്ത് വിശ്വാസം നേടിയെടുത്ത ശേഷം സൈബര്‍ തട്ടിപ്പിന് (Cyber Fraud) ഇരയാക്കുകയായിരുന്നു ജോലി. 

ക്രിപ്‌റ്റോകറന്‍സി (Cryptocurrency) നിക്ഷേപം അടക്കം വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിരുന്നു. മാസം 2,00,000 രൂപയായിരുന്നു ശമ്പളം. ദിവസം പന്ത്രണ്ട് മണിക്കൂറോളം പണിയെടുക്കേണ്ടിവന്നു. അവര്‍ തരുന്ന ടാര്‍ഗറ്റ് അതിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ 18 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടിവരുമായിരുന്നു എന്ന് അഭി പറഞ്ഞു.  തന്നെപ്പോലെ അടിമകളാക്കപ്പെട്ട ആയിരക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ ക്യാമ്പിലുണ്ടെന്ന് അഭി പറയുന്നു. തമിഴര്‍, ഹിന്ദിക്കാര്‍, മലയാളികളായ പെണ്‍കുട്ടികള്‍ എല്ലാവരുമുണ്ട്. മറ്റ് ജോലികള്‍ക്കെന്ന വ്യാജേനയാണ് ഇവരെയെല്ലാം കടത്തിക്കൊണ്ടുപോയത്.

തമിഴ് തൊഴിലാളികള്‍ തമിഴ് സംസാരിക്കുന്നവരെയും, ഹിന്ദിക്കാര്‍ ഉത്തരേന്ത്യക്കാരെയും ആണ് ലക്ഷ്യം വയ്‌ക്കേണ്ടത്. അവരെ കെണിയിലേക്ക് ആകര്‍ഷിക്കാനായി നഗ്‌നചിത്രങ്ങളും സെക്സ് ചാറ്റ് ടെംപ്ലേറ്റുകളും നല്‍കും. വീഡിയോ കോള്‍ വിളിക്കുന്നത് യുവതികളായിരിക്കും. ആളുകളെ നിരന്തരം കബളിപ്പിച്ചതിന്റെ കുറ്റബോധം അഭിയെ വേട്ടയാടി. അങ്ങനെ ഇരയായ ഒരു മലയാളിയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഇത് സൈബര്‍ ക്യാമ്പ് നടത്തുന്നവര്‍ കണ്ടുപിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ ആ മലയാളി അഭിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. 

സംഭവം വഷളാകുമെന്ന് കണ്ട് സംഘം അഭിയുമായി പലതവണ ചര്‍ച്ചകള്‍ നടത്തുകയും മുടങ്ങിയ ശമ്പളം പോലും നല്‍കാതെ വിട്ടയ്ക്കുകയും ചെയ്തു. അങ്ങനെ  ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക് (India) മടങ്ങി. ഇവിടെ എത്തിയ ശേഷം കേസ് കൊടുത്തു. തുടര്‍ന്ന് ഒന്നിലധികം സ്ഥലങ്ങള്‍ പൊലീസ് (Police) റെയ്ഡ് ചെയ്യുകയും ഒരു പ്രധാന സംഘത്തെ പിടികൂടുകയും ചെയ്തു.  കമ്പോഡിയന്‍ അടിമ ക്യാമ്പുകളിലേക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കംബോഡിയ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സാമ്പത്തിക റാക്കറ്റുകളുമായി ബന്ധപ്പെട്ട സ്ത്രീകളുള്‍പ്പെടെ 50 ഓളം മലയാളികളുടെ വിവരങ്ങള്‍ കേരള സൈബര്‍ വിംഗ് (Cyber Wing) പോലീസ് ഏപ്രിലില്‍ കണ്ടെത്തി. വ്യാജ രേഖകള്‍ ഉപയോഗിച്ച് കേരളത്തില്‍ നിന്ന് 59 സിം കാര്‍ഡുകള്‍ സ്വന്തമാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

റെജിന്‍ എന്ന മറ്റൊരു യുവാവിനെ വിയറ്റ്‌നാമിലേക്ക് കടത്തുകയും അവിടെ നിന്ന് കാറില്‍ കംബോഡിയയിലേക്ക് കൊണ്ടുപോവുകയും സൈബര്‍ ക്യാമ്പില്‍ അടിമയാക്കുകയും ചെയ്തു. യുവാവിന് പ്രതിമാസം 96,000 രൂപ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ആറ് മാസത്തെ ജോലിക്ക് ആകെ 96,000 രൂപയാണ്   ലഭിച്ചത്. ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞ്  ബാക്കി ശമ്പളം തടഞ്ഞുവച്ചു. ഒടുവില്‍, കേരളത്തിലുള്ള സഹോദരിയില്‍ നിന്ന് പണം വാങ്ങിയാണ് മെയ് മാസത്തില്‍ നാട്ടിലെത്തിയത്.  

തെക്കന്‍ കേരള തീരത്തെ ഒരു മത്സ്യത്തൊഴിലാളി (Fisherman) കുടുംബത്തില്‍ ജനിച്ച റെജിന്‍  ഏറെ പ്രതീക്ഷയോടെയാണ് കംബോഡിയയിലേക്ക് കുടിയേറിയത്. അഭി നേരിട്ടതിന് സമാനമായ പീഡനങ്ങള്‍ റെജിനും അനുഭവിച്ചിട്ടുണ്ട്. കടംമാത്രമാണ് ബാക്കിയുള്ളതെന്ന് റെജിന്‍ പറയുന്നു. അഭിയും റെജിനും പറയുന്നത്, അവര്‍ ജോലി ചെയ്തിരുന്ന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരുണ്ടെന്നാണ്.

കമ്പോഡിയയില്‍ 5000 ഇന്ത്യക്കാര്‍ സൈബര്‍ അടിമത്തത്തിന് നിര്‍ബന്ധിതരാകുന്നെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കംബോഡിയയിലും ലാവോസിലും മികച്ച  തൊഴിലവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുപോകുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരെ നിര്‍ബന്ധിക്കും. ഒരു തരത്തില്‍ മനുഷ്യക്കടത്താണിത്. ഇക്കാര്യം  കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കംബോഡിയയില്‍ തൊഴില്‍ തേടാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അംഗീകൃത ഏജന്റുമാര്‍ മുഖേന മാത്രമേ പോകാവൂ എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.  

കംബോഡിയയില്‍ മാത്രമല്ല, മ്യാന്‍മറിലും തായ്ലന്‍ഡിലും ഇതുപോലെ ഇന്ത്യക്കാരെ കടത്തിക്കൊണ്ടുപോകുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം മാഫിയകളുടെ കെണിയില്‍  വീഴരുതെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ടീസ് ഇറക്കിയിരുന്നു. യുവാക്കള്‍ തൊഴില്‍ തേടി വിദേശങ്ങളില്‍ പോകുമ്പോള്‍ അവരുടെ തൊഴിലിനും ജീവനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അത് പലപ്പോഴും നടപ്പാകുന്നില്ല.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia