Social Media | ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവർക്ക് കുരുക്ക്; 30 പേർക്കെതിരെ ജാമ്യമില്ല കേസ്; ഒരാൾ അറസ്റ്റിലായി
● എറണാകുളം സ്വദേശിയായ ഷാജിയാണ് അറസ്റ്റിലായത്.
● സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
● സൈബർ സെല്ലിന്റെ സഹായത്തോടെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: (KVARTHA) സിനിമാതാരം ഹണി റോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. നടിയുടെ പരാതിയെ തുടർന്ന് 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഷാജിയാണ് അറസ്റ്റിലായത്. കൊച്ചി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഹണി റോസ് കഴിഞ്ഞ ദിവസം കൊച്ചി പൊലീസിൽ നേരിട്ട് പരാതി നൽകിയിരുന്നു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശങ്ങൾ നടത്തിയവരുടെ കമന്റുകൾ സഹിതമാണ് നടി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി അറസ്റ്റിലായത്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ മോശം കമന്റുകളിട്ടവരാണ് കുരുക്കിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തനിക്കെതിരെയുള്ള വിമർശനങ്ങളിൽ ആദ്യമായി ഹണി റോസ് ശക്തമായ ഭാഷയിൽ ഞായറാഴ്ച പ്രതികരിച്ചിരുന്നു. ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് താരം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ചില ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പ്രതികാരമായി ആ വ്യക്തി താൻ പങ്കെടുക്കുന്ന മറ്റ് ചടങ്ങുകളിൽ മനഃപൂർവം വരികയും അവിടെയെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും ഹണി റോസ് ആരോപിച്ചു. ഇത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.
മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പ്രവർത്തികളെ പുച്ഛത്തോടെ അവഗണിക്കുകയാണ് തന്റെ രീതിയെന്നും എന്നാൽ അതിനർത്ഥം തനിക്ക് പ്രതികരണശേഷിയില്ല എന്നല്ലെന്നും ഹണി റോസ് പറഞ്ഞു. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ളതാകരുത്. ഇങ്ങനെയുള്ള പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നടി വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും നടി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ചിലർ മോശം കമന്റുകളുമായി രംഗത്തുവന്നത്.
#HoneyRose #CyberAttack #FacebookPost #Arrested #KochiNews #ITAct