Complaint | 'ബോച്ചെ' പൊലീസ് കേസിൽ കുടുങ്ങുമോ? മോശം അനുഭവം ഉണ്ടായത് കണ്ണൂർ ആലക്കോട്ടെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയെന്ന് ഹണി റോസ്; 'സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു'

 
Honey Rose files complaint against Boby Chemmanur for offensive remarks
Honey Rose files complaint against Boby Chemmanur for offensive remarks

Photo Credit: Facebook/ Boby Chemmanur, Honey Rose

● ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി.
● മോശം പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
● എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്.
● സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു 

കണ്ണൂർ: (KVARTHA) വിവാദങ്ങളുടെ പുകമറ നീക്കി ചലചിത്രനടി ഹണി റോസ് സ്വർണ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആരാണ് അവരെ ശല്യപ്പെടുത്തുന്ന പ്രമുഖ വ്യക്തിയെന്നതിന് ഉത്തരമായിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം. ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂർ അഥവാ ആരാധകരുടെ ബോച്ചെ അടവുകൾ പതിനെട്ടും പയറ്റി തെളിഞ്ഞവനാണ്. നെഗറ്റീവ് പബ്ലിസിറ്റി തനിക്ക് പോസറ്റീവായി മാറുമെന്ന് വിശ്വസിക്കുന്ന കൗശലക്കാരനായ ബിസിനസുകാരനാണ് ബോച്ചെ. തന്നെ എതിർക്കുന്നവരെപ്പോലും അംഗീകരിപ്പിക്കാനുള്ള തരികിട പരിപാടികളെല്ലാം ബോച്ചെയ്ക്ക് അറിയാം. ചെമ്മണ്ണൂർ ജ്വല്ലറിയെന്ന ടൈറ്റിൽ ബോബി ചെമ്മണ്ണൂരിൻ്റെതല്ലെന്ന് എല്ലാവർക്കും അറിയാം. 

ബോച്ചെ ടീ, ഓക്സിജൻ സിറ്റി, ലോട്ടറി തുടങ്ങി നീണ്ട കർമ്മപദ്ധതികളുടെ ആശാനാണ് ബോച്ചെ, സോഷ്യൽ മീഡിയയിൽ വലിയ ആരാധകപ്പടയെ തന്നെ അദ്ദേഹം നിരത്തിയിട്ടുണ്ട്. ബോച്ചെ എന്തു വിഡ്ഢിത്തം പറഞ്ഞാലും അവർ കയ്യടിക്കുമെന്നും വിമർശിക്കുന്നവരെ കൂകിയിരുത്തുമെന്നും ആക്ഷേപിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് ബോച്ചെയുടെ ജ്വല്ലറി ഉദ്ഘാടനത്തിനായി ഹണി റോസ് പോയി തല വെച്ചു കൊടുത്തത്. എന്നാൽ സ്ത്രീകളെ അവർ ആരുമായി കൊള്ളട്ടേ അവരെ വെറും ചരക്കായി മാത്രമേ ബോച്ചെ കാണുന്നുള്ളുവെന്നതിന് ഉദാഹരണങ്ങൾ ഒട്ടനവധിയുണ്ടെന്ന് വിമർശകർ പറയുന്നു.  

കണ്ണൂർ ജില്ലയിലെ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസിനെ വിളിച്ചുവരുത്തിയിരുന്നു ബോച്ചെ. അവരെ കുന്തി ദേവിയോട് ഉപമിക്കുന്നതും മറ്റുചില പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ഹണി റോസ് ബോച്ചെയുടെ പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയത്. പിന്നീടത് വ്യക്തിവൈരാഗ്യമായി മാറി. തന്നെ ധിക്കരിച്ച നടിയെ പരോക്ഷമായി വേട്ടയാടുകയായിരുന്നു ബോബി ചെമ്മണ്ണൂർ എന്നാണ് നടി പറയുന്നത്.

തനിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഏറ്റവും ഒടുവിൽ ഹണി റോസ് പൊലീസിൽ പരാതി നൽകിയത് സഹികെട്ടതോടെയാണെന്നാണ് പറയുന്നത്. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് ഹണിയുടെ പരാതിയിൽ പൊലീസിനോട് ആവശ്യപ്പെടുന്നത്. നാല് മാസം മുൻപ് കണ്ണൂർ ആലക്കോട്  ചെമ്മണ്ണൂർ ജ്വല്ലറി ശാഖയുടെ ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ആ പരിപാടി കഴിഞ്ഞയുടനെ തന്റെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച ചെയ്തിരുന്നു. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി തോന്നിയെന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി സോഷ്യൽ മീഡിയയിൽ മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടാണ് താൻ കേസ് ഫയൽ ചെയ്തതതെന്നുമാണ് ഹണി റോസിൻ്റെ നിലപാട്.

ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.
ഹണി റോസിനെ അപകീർത്തിപ്പെടുന്ന തരത്തിൽ കമൻ്റിട്ടതിന് മുപ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ജാമ്യമില്ലാ കുറ്റമാണ് ബോബി ചെമ്മണ്ണൂരിൻ്റെത്. നട്ടെല്ലുള്ള പൊലീസുകാരുണ്ടെങ്കിൽ പിടിച്ചു അകത്തിടാമെന്ന് ഹണി റോസിനെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ പൂച്ചയ്ക്കാരു മണികെട്ടുമെന്നാണ് ചോദ്യമെന്നും പണത്തിന് മീതെ പരുന്ത് മാത്രമല്ല പൊലീസും പറക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

#HoneyRose #BobyChemmanur #Mollywood #KeralaNews #Complaint #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia