Remand | കിടപ്പുരോഗിയുടെ സ്വർണമാല കവർന്ന കേസിൽ ഹോം നഴ്സ് റിമാൻഡിൽ


● എടച്ചൊവ്വ ഗ്രേസ് ഹൗസിലെ ഷെറിൽ ലോറൻസിന്റെ പരാതിയിലാണ് അറസ്റ്റ്.
● മൂന്ന് പവൻ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.
● കോയമ്പത്തൂരിൽ സ്വർണം പണയം വെച്ചതായി പ്രതി സമ്മതിച്ചു.
കണ്ണൂർ: (KVARTHA) കിടപ്പുരോഗിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച കേസിൽ ഹോം നഴ്സ് അറസ്റ്റിലായി. തമിഴ്നാട് നാമക്കൽ സ്വദേശി എം ദീപ (34) ആണ് കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കോടെരി, എസ്.ഐ. വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റിലായത്.
ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടച്ചൊവ്വ ഗ്രേസ് ഹൗസിലെ ഷെറിൽ ലോറൻസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ കിടപ്പുരോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണമാലയാണ് കവർന്നത്.
'കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാനായി ഏജൻസി വഴി ദീപയെ വീട്ടിൽ ജോലിക്കായി നിയോഗിച്ചിരുന്നു. ആദ്യം നല്ല രീതിയിൽ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മാല കവരുകയായിരുന്നു', പൊലീസ് പറഞ്ഞു.
തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായും പ്രതി പൊലീസിന് മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A home nurse was arrested in Kannur for stealing a gold necklace from a bedridden patient. The accused, M Deepa, confessed to the crime and was remanded by the court.
#Kannur #Theft #Arrest #HomeNurse #Crime #KeralaPolice