Controversy | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ഹൈകോടതിയുടെ അപ്രതീക്ഷിത തീരുമാനം


● പ്രതിയായ രാഹുലും ഭാര്യയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി കോടതിയിൽ ഹാജരായ യുവതി തന്നെ കോടതിയെ അറിയിച്ചിരുന്നു.
● ഭാര്യക്ക് തനിക്കെതിരേ പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്.
കൊച്ചി: (KVARTHA) കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുൽ ഗോപാലിനെതിരേ ഉയർന്ന ഗാർഹിക പീഡനക്കേസ് ഹൈകോടതി റദ്ദാക്കി. പ്രതി രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് വ്യക്തമാക്കിയാണ് കേസ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
നവവധുവായ യുവതി ഭർത്താവിൽ നിന്ന് മർദനം സഹിക്കേണ്ടിവന്നെന്ന പരാതിയിൽ ആരംഭിച്ച കേസിൽ രാഹുലിനെതിരേ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, പ്രതിയായ രാഹുലും ഭാര്യയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി കോടതിയിൽ ഹാജരായ യുവതി തന്നെ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്. ഭാര്യക്ക് തനിക്കെതിരേ പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്.
ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും വെറും സ്വകാര്യ തര്‍ക്കമെന്ന നിലയില്‍ ഇതിന് പൊതുതാല്പര്യമില്ലെന്നും രാഹുലിന്‍റെ ഹര്‍ജിക്കൊപ്പം ഭാര്യ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇരുവരും തമ്മിലുള്ള തെറ്റിധാരണയെ തുടര്‍ന്ന് ചെറിയ തര്‍ക്കങ്ങളാണ് തങ്ങള്‍ തമ്മിലുണ്ടായതെന്നും രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തെറ്റായ മൊഴി നല്‍കിയതെന്നും ഇപ്പോള്‍ രാഹുലിനെതിരെ ഒരു പരാതിയുമില്ലെന്നും സ്വയം ഒപ്പിട്ട് നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാംഗ്‌മൂലത്തിലൂടെ യുവതി കോടതിയെ അറിയിച്ചിരുന്നു.
#KeralaNews #DomesticViolence #IndianJudiciary #JusticeForWomen #HighCourt #LegalNews