ഗൾഫിൽ ജയിലിലായി, നാട്ടിലെത്തി വലയിൽ; അമ്പലത്തറ കൊലക്കേസിലെ പ്രതിയുടെ നാൾവഴികൾ


● ലോക്കൽ പൊലീസിനും സ്പെഷ്യൽ മൊബൈൽ സ്ക്വാഡിനും വീഴ്ച സംഭവിച്ചു.
● ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
● പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച്.
● പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയെന്ന് പ്രതിയുടെ മൊഴി.
● ഗൾഫിൽ ജയിലിലായി നാടുകടത്തപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ.
● പ്രതിയുടെ മാതാവിനും പങ്കുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ്.
അമ്പലത്തറ: (KVARTHA) പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ദളിത് പെൺകുട്ടിയുടെ തിരോധാനത്തിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡും ലോക്കൽ പൊലീസും നടത്തിയത് ഗുരുതരമായ വീഴ്ച.
ഹൈക്കോടതിയിൽ മാതാപിതാക്കളും ദളിത് സംഘടനയും ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് പ്രതി പിടിയിലായത്.
ദൃശ്യം സിനിമ ഇറങ്ങുന്നതിന് മുൻപേ ഇതിനെ വെല്ലുന്ന തരത്തിലുള്ള തെളിവ് നശിപ്പിക്കുകയാണ് പ്രതി പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസ് (52) ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഐജി പി.പ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2010 ൽ തന്നെ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. പിന്നാലെ മൃതദേഹം പാണത്തൂർ പവിത്രങ്കയം പുഴയിൽ ചവിട്ടി താഴ്ത്തിയതായി പ്രതി മൊഴി നൽകിയിരുന്നു.
2010 ൽ ഒരു എല്ലിൻ കഷ്ണം കാസർകോട് ടൗൺ സ്റ്റേഷൻ പരിധിയിലെ അഴിമുഖത്തോട് ചേർന്ന കടപ്പുറം ഭാഗത്ത് കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച കൊലുസും മറ്റും കുടുംബം തിരിച്ചറിയുകയും കൊല്ലപ്പെട്ടത് അമ്പലത്തറയിൽ നിന്ന് കാണാതായ പെൺകുട്ടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവത്തിന് ശേഷം പെൺകുട്ടി ഉപയോഗിച്ചു വന്ന മൊബൈൽ ഫോണുമായി എറണാകുളത്തേക്ക് കടന്ന പ്രതി പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പിതാവിന് മിസ് കോൾ ചെയ്തു. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തി തീർക്കാനാണ് ഇങ്ങനെ ചെയ്തത്.
ഇതിന് ശേഷം പെൺ ശബ്ദത്തിൽ സംസാരിക്കാൻ കഴിയുന്ന ആപ്പ് വഴി പിതാവിൻ്റെ സുഹൃത്തിനെ വിളിച്ച് താൻ കമ്പ്യൂട്ടർ കോഴ്സിന് ചേരുകയാണെന്നും കോഴ്സ് കഴിയുന്നത് വരെ തന്നെ ഫോണിൽ കിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രതി ഗൾഫിലേക്ക് കടന്നു. ഗൾഫിൽ വിസ കാലാവധി കഴിഞ്ഞതിനാൽ ജയിലിലായി പിന്നീട് നാട് കടത്തി.
മടിക്കേരിയിൽ കരാർജോലി നടത്തി വരുന്നതിനിടയിലാണ് ഇയാൾ ക്രൈംബ്രാഞ്ചിൻ്റെ വലയിലായത്. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് രക്ഷിതാക്കളുടെ ഹരജിയെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. തുടർന്നാണ് ഐജിക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്താൻ നിയോഗിച്ചത്.
ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് പ്രതി. ഇതിൽ പ്രതിയുടെ മകളുടെ വിവാഹം കഴിഞ്ഞിരുന്നു. തൻ്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വശത്താക്കി പീഡിപ്പിച്ച് കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ബിജുവിൻ്റെ മാതാവ് കൂടി ഇതിന് ഒത്താശ ചെയ്തിട്ടുണ്ടെന്നും ഹോംനേഴ്സായ അവരെ കൂടി അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സമര- നിയമ പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ദളിത് സംഘടനാ പ്രവർത്തകരും കാസർകോട് വാർത്തയോട് പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കുമെന്ന് ഐജി പറഞ്ഞു. നിലവിൽ കൊലപാതകത്തിന് കേസില്ല. തുടർ അന്വേഷണത്തിലൂടെ മാത്രമേ തെളിവുകൾ ശേഖരിച്ച് ഉൾപ്പെടുത്തുകയുള്ളു.
പ്രായപൂർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും, ലൈംഗീക ചൂഷണത്തിനിരയാക്കിയതിനും, എസ് സി -എസ്ടി വകുപ്പ് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അമ്പലത്തറ കൊലക്കേസിലെ പ്രതിയുടെ നാൾവഴികൾ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The timeline of the accused in the 15-year-old Ambalathara missing Dalit girl case reveals police negligence, the accused's attempts to mislead, his time in a Gulf jail, and eventual arrest in India following High Court intervention. He confessed to the murder and disposal of the body.
#AmbalatharaCase, #KeralaCrime, #PoliceNegligence, #MissingGirl, #Arrested, #CrimeTimeline