Verdict | ഷാരോൺ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു; ശിക്ഷാവിധി ശനിയാഴ്ച


● ഗ്രീഷ്മ വിഷം നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്
● 'കഷായത്തിൽ വിഷം ചേർത്താണ് കൊലപാതകം നടത്തിയത്'
● 68 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം: (KVARTHA) പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധി പ്രസ്താവിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മല കുമാറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കി. അഡീഷണൽ സെഷൻസ് ജഡ്‌ജ് എഎം ബഷീറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞതായി കോടതി വിലയിരുത്തി. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25-നാണ് ഷാരോൺ മരിച്ചത്. കോളജ് വിദ്യാർത്ഥിനിയായിരുന്ന ഗ്രീഷ്മ, കാമുകനായിരുന്ന ഷാരോൺ രാജിനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നുവെന്നാണ് കേസ്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച് ദിവസങ്ങൾക്ക് ശേഷം ഷാരോൺ രാജ് മരണത്തിന് കീഴടങ്ങി. കേസിൽ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ച് സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു.
പൊലീസ് കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. തമിഴ്നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഈ തീരുമാനമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ഷാരോണുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ ജാതി വ്യത്യാസം മുതൽ ഭർത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകൾ ഗ്രീഷ്മ പറഞ്ഞുനോക്കി. എന്നാൽ ഷാരോൺ പ്രണയത്തിൽ ഉറച്ചുനിന്നതോടെ ഗ്രീഷ്മ കൊലപാതകത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചു. ആദ്യ അഞ്ച് വധശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ വിഷം കലർത്തുക എന്ന രീതിയിലേക്ക് ഗ്രീഷ്മ എത്തിയത്.
ആയിരത്തിലേറെ തവണ ഗൂഗിളിൽ സെർച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലർത്തുകയെന്ന ആശയം ഗ്രീഷ്മ കണ്ടെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഗ്രീഷ്മയുടെ പ്രതിശ്രുത വരൻ ഉൾപ്പെടെ 68 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. 323 രേഖകളും 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
#SharonMurderCase #KeralaCrime #CourtVerdict #Greeshma #Justice #PoisonMurder