പുഷ്പം പോലെയുള്ള ചാട്ടം: ജയിൽ മതിലുകളെക്കാൾ ഉയരുന്ന ഗോവിന്ദച്ചാമിമാർ


● ഒറ്റക്കൈയ്യനായ ഒരാൾക്ക് മതിലുകൾ ചാടിക്കടഞ്ഞത് അത്ഭുതകരം.
● 25 അടി ഉയരമുള്ള മതിലും ഇലക്ട്രിക് ഫെൻസിംഗും മറികടന്നു.
● ഇത് ജയിൽ സംവിധാനങ്ങളുടെ സമ്പൂർണ്ണ പരാജയം.
● ജയിൽ ചാട്ടത്തിന് ഒത്താശ ചെയ്തവരെ കണ്ടെത്തണം.
ഭാമനാവത്ത്
(KVARTHA) ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടിയെന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് തെളിഞ്ഞിരിക്കുന്നത്. എത്ര അനായാസകരമായാണ് ഗോവിന്ദച്ചാമി ജയിൽ സെല്ലിലെ കമ്പികൾ അറുത്തെടുത്ത് രക്ഷപ്പെട്ടതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

ഗോവിന്ദച്ചാമി പത്താം ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ടിട്ടും മൂന്ന് മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ജയിൽ സുരക്ഷാ സംവിധാനങ്ങൾ അറിയുന്നത്. ഒറ്റക്കൈയ്യനായ ഒരാൾക്ക് എങ്ങനെ ഇത്രമാത്രം വലിയ ജയിൽ മതിൽ ചാടിക്കടക്കാൻ കഴിഞ്ഞുവെന്നത് അത്ഭുതകരമായ ചോദ്യമാണ്. ഇതേ ചോദ്യം ഗോവിന്ദച്ചാമിയെക്കുറിച്ച് നേരത്തെയും ഉയർന്നിരുന്നു.
ഒറ്റക്കൈയ്യുള്ള ഒരാൾക്ക് പൂർണ്ണ ആരോഗ്യവതിയായ ഒരു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ സാധിക്കുമോ? കീഴ്പ്പെടുത്തി കൊലപ്പെടുത്തുന്നതിന് സാധിക്കുമോ? വിചാരണയ്ക്കിടെ കോടതിയിൽ ഉയർന്ന ഈ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.
കൊടുംകുറ്റവാളികൾ പാർക്കുന്ന, കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ നിന്നാണ് കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. അതും സെല്ലിലെ കമ്പി മുറിച്ച് വലിയ ചുറ്റുമതിൽ ചാടിക്കടന്ന്. 25 അടിയോളം ഉയരമുള്ള മതിലാണ് കോടതി ഒരിക്കൽ സംശയിച്ച ശാരീരിക ക്ഷമത വെച്ച് ഇയാൾ ചാടിക്കടന്നതെന്നോർക്കണം. അതും ആ മതിലിനും മുകളിലായി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഫെൻസിങ് വരെ അയാൾക്ക് നിഷ്പ്രയാസം മറികടക്കാനായി. ഒരുനിലയ്ക്കും സാധൂകരിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഗുരുതരവീഴ്ചയാണിത്.
ഏഴര മീറ്ററോളം ഉയരമുള്ള, സിസിടിവി സുരക്ഷ ഒരുക്കിയിട്ടുള്ള, ഇലക്ട്രിക് ഫെൻസിങ് മതിലുള്ള ഒരു ജയിലിൽ നിന്ന് കൊടുംക്രിമിനലായ ഒരു വ്യക്തി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ചാട്ടത്തെ ജയിൽ സംവിധാനങ്ങളുടെ ഒന്നാകെയുള്ള സമ്പൂർണ്ണ പരാജയമായി മാത്രമേ കാണാൻ സാധിക്കൂ.
രാഷ്ട്രീയത്തടവുകാർ ഉൾപ്പെടെ ജയിലിൽ ഉണ്ടെന്ന് ഓർക്കണം. എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതർ സംഗതി അറിയുന്നത് പോലും. കൊടുംകുറ്റവാളി ഏറെ താമസിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ഇതിനു മുൻപായും അതീവ ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ കൊടും ക്രിമിനലെന്ന് വിശേഷിപ്പിക്കാവുന്ന അസാധാരണകാരനാണ് ഗോവിന്ദച്ചാമി.
ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് ഇയാൾക്ക് പശ്ചാത്താപം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ക്രിമിനൽ സ്വഭാവം ഇയാൾ കാണിക്കുന്നതായും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. അങ്ങനെയൊരാൾക്ക് ആരാണ് ജയിലിന് അകത്തുനിന്നും പുറത്തുനിന്നും സഹായം നൽകുന്നത്? ഇലക്ട്രിക് ഫെൻസിങ്ങിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്.
അതിനർത്ഥം ഈ ജയിൽച്ചാട്ടം ഒരു ഇൻസൈഡ് ജോബ് തന്നെയാണെന്നാണ്. ഗോവിന്ദച്ചാമിയെ മാത്രമല്ല, അയാൾക്ക് ഒത്താശ ചെയ്തവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരികയും ശിക്ഷ നൽകുകയും വേണം.
ജയിൽചാടിയവനെ തങ്ങൾ വിവരമറിയിച്ചതുപ്രകാരം സാഹസികമായി പിടികൂടിയെന്ന് അവകാശപ്പെട്ട് തടിയൂരും മുൻപ് ഈ ജയിൽച്ചാട്ടത്തിന് ജയിൽ വകുപ്പ് ഉത്തരം പറഞ്ഞേ മതിയാകൂ. നിയമവാഴ്ചയെ വെല്ലുവിളിച്ച പ്രതിയുടെ ചെയ്തികൾക്ക് വധശിക്ഷ ഒഴിവായതാണ് വിനാശമായത്.
ഒരിക്കലും ജയിൽവാസത്തിലൂടെ മാനസിക പരിവർത്തനം വന്ന് പൊതുസമൂഹത്തിലേക്ക് തിരിച്ചു വരാൻ കഴിയുന്ന കുറ്റവാളിയല്ല ഗോവിന്ദച്ചാമി. ഇയാളുടെ ജയിൽ ചാട്ടം വീണ്ടും സൗമ്യാ വധത്തെക്കുറിച്ചുള്ള ഓർമ്മകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സൗമ്യയുടെ അമ്മയുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് കണ്ണൂർ ജയിൽ അധികൃതരും ആഭ്യന്തരവകുപ്പുമാണ്. എങ്ങനെ, എന്ത് സംഭവിച്ചു, ഇനിയെന്ത് എന്നതിനെല്ലാം ഉത്തരം കൂടിയേ തീരൂ. ചാടിയത് ഒരു മയക്കുമരുന്ന് കേസിലെയോ, അടിപിടിക്കേസിലെയോ പ്രതിയല്ല. കേരള മനഃസാക്ഷിയെ ഞെട്ടിച്ച, കുടുംബത്തിൻ്റെ ഏക താങ്ങായിരുന്ന, ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടിയെ ആക്രമിച്ച് കീഴ്പ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ കൊടുംകുറ്റവാളിയാണ് അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും പുഷ്പം പോലെ രക്ഷപ്പെട്ടത്. നാളെ ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Govindachamy's jailbreak exposes severe security lapses at Kannur prison.
#Govindachamy #Jailbreak #KannurCentralJail #PrisonSecurity #SoumyaCase #KeralaCrime