Arrested | ഇൻസ്റ്റഗ്രാം സൗഹൃദത്തിൽ കുരുക്ക്: 2 കോടി രൂപ നഷ്ടം! ഒടുവിൽ 4 മലയാളികൾ അറസ്റ്റിൽ


തിരുവനന്തപുരം: (KVARTHA) ഇൻസ്റ്റാഗ്രാമിലൂടെ (Instagram) സൗഹൃദം സ്ഥാപിച്ച ശേഷം ഓഹരി വിപണിയിൽ (Stock Market) നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച് തിരുവനന്തപുരം (Thiruvananthapuram) സ്വദേശിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ നാല് മലയാളികൾ (Malayalees) അറസ്റ്റിൽ. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സാദിഖ് (48), വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ സാദിഖ് (24), ഇടുക്കി ജില്ലയിലെ ശഫീഖ് (37), തൃശൂർ ജില്ലയിലെ നന്ദുകൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ:
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട് ഓഹരി വിപണിയിൽ ലാഭം നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു.
നിർമ്മിതബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിലൂടെ കഴിഞ്ഞ മാസം പരാതിക്കാരനിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു.
അന്വേഷണം:
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പ്രത്യേക സംഘം അന്വേഷണം നടത്തി. വാട്സ്ആപ് ചാറ്റുകൾ വിശകലനം ചെയ്ത് കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഇന്ത്യയ്ക്ക് പുറത്താണെന്ന് കണ്ടെത്തി. കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന പണം സംസ്ഥാനത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് കണ്ടെത്തി.
മലയാളികളായ ചിലർ തട്ടിപ്പുകാരുമായി കമ്മീഷൻ തുക പറഞ്ഞുറപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്നതായും കണ്ടെത്തി. ചില അക്കൗണ്ട് ഉടമസ്ഥര്‍ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് നമ്പര്‍ ലിങ്ക് ചെയ്ത സിം കാര്‍ഡും വില്‍പ്പന നടത്തുന്നതും അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു.
പ്രധാന കണ്ടെത്തലുകൾ:
കംബോഡിയയിലെ കോൾ സെന്റർ വഴി കുറ്റകൃത്യം ആസൂത്രണം ചെയ്തത് മലപ്പുറം ജില്ലയിലെ മനു എന്നയാളാണ്. ആകർഷകമായ കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് പണം തട്ടിയെടുക്കുന്നത് മനുവാണ്. മനുവിന്‍റെ പ്രധാന സഹായിയാണ് അറസ്റ്റിലായ സാദിഖ്. ഇത്തരത്തില്‍ ശേഖരിക്കുന്ന പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റി കംബോഡിയയിലേക്ക് അയയ്ക്കുന്നത് ശഫീഖ് ആണ്.
സാദിഖ്, നന്ദുകൃഷ്ണ എന്നിവരെ കമ്മീഷൻ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകിയതിനാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നു.
ജാഗ്രത അനിവാര്യം
ഓൺലൈൻ സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കാനും വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പാക്കാനും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.